വിവരാവകാശ നിയമം സർക്കാറിലേക്ക് പണം വരുത്താനുള്ള മാർഗമായി ഉദ്യോഗസ്ഥർ കാണരുത്: കമ്മീഷണർ അബ്ദുൾ ഹക്കീം
സർക്കാർ വില്പനയ്ക്ക് വച്ചിരിക്കുന്ന ഏടുകളൊന്നും വിവരാവകാശ ഫീസ് നല്കി വാങ്ങാൻ കഴിയില്ല. എന്നാൽ വിവരാവകാശ നിയമം സർക്കാറിലേക്ക് പണം വരുത്താനുള്ള മാർഗമായി ഉദ്യോഗസ്ഥർ കാണരുതെന്ന് വിവരാവകാശ കമ്മീഷണർ അബ്ദുൾ ഹക്കീം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ അപ്പ്ലറ്റ് അതോറിറ്റി, എസ്പിഒ ഉദ്യോഗസ്ഥർക്കായി നടത്തിയ ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർടി ഐ നിയമപ്രകാരം വിവരം നൽകാൻ ഓഫീസർമാർ നിർദ്ദേശിച്ചാൽ അവ നൽകാത്ത സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ സംരംഭങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി രേഖകൾ പിടിച്ചെടുക്കണം. വിവരാവകാശ അപേക്ഷകളിൽ 30 ദിവസം കഴിഞ്ഞ് മറുപടി നൽകിയാൽ മതിയെന്ന ധാരണ തെറ്റാണ്. ജീവനും സ്വാതന്ത്ര്യവുമായി ബന്ധമുണ്ടെങ്കിൽ വിവരം 48 മണിക്കുനിനകം നൽകണം. മറ്റ് അപേക്ഷകളിൽ അഞ്ച് ദിവസത്തിനകം നടപടി ആരംഭിച്ചിരിക്കണം.
സർക്കാറിലെ മുഴുവൻ കാര്യങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്തു നൽകേണ്ടതില്ല. വിവരങ്ങൾ വിലക്കപ്പെട്ടവയും നിയന്ത്രിക്കപ്പെട്ടവയുമുണ്ട്. അവകൂടി പരിഗണിച്ചുവേണം വിവരാധികാരികൾ പ്രവർത്തിക്കാൻ. അതിനുള്ള നിയന്ത്രണോപാധിയായി വിവരാവകാശ നിയമത്തെ ഫലപ്രദമായി ഉപയോഗിക്കണം. അതേസമയം ഏത് സർക്കാർ ഓഫീസിലെയും ഫയലുകൾ പരിശോധിക്കാൻ പൗരന് അവകാശമുണ്ട്. അതുവഴി ഈ നിയമത്തിലൂടെ ജനങ്ങൾ ജനാധിപത്യത്തിന്റെ അഞ്ചാം സ്തംഭമായിവളർന്നു.
വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുന്ന പൗരന് വിവരം ലഭ്യമാക്കാനും സർക്കാർ ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ജനപക്ഷത്ത് നിന്നും പൗരന് വിവരങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥതരാണ്. പൗരന്റെ അപേക്ഷയിൽ വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടിക്കുള്ള അധികാരം വിവരാവകാശ കമ്മീഷനിൽ നിക്ഷിപ്തമാണെന്നും കമ്മീഷണർ അറിയിച്ചു.
വിവരാവകാശ നിയമം സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ നിരന്തരം ഇടപെടൽ നടത്തണം. സാധാരണക്കാരന്റെ പ്രശ്ന പരിഹാരത്തിനുള്ള പ്രഥമ മാർഗ്ഗമാണ് വിവരാവകാശ നിയമ പ്രകാരമുള്ള ആവശ്യപ്പെടൽ. വിവരാവകാശ നിയമത്തിന്റെ പ്രയോക്താക്കൾ പൊതുജനങ്ങളാണ്. ഭരണത്തിന്റെ ചാലകശക്തികളെ നിയന്ത്രിക്കാൻ പൗരന് സാധിക്കുമെന്നും വിവരാവകാശ നിയമ പ്രകാരം പൗരൻ അപേക്ഷ നൽകിയാൽ ഉദ്യോഗസ്ഥർ ജാഗ്രതയോടെ മറുപടി നൽകണം.
സർക്കാർ ഓഫീസുകളിലെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതല്ലെന്നും പൗരൻ ആവശ്യപ്പെടുന്ന വിവരങ്ങൾ ബന്ധപ്പെട്ട ഓഫീസിൽ ലഭ്യമാണെങ്കിൽ വിവരം കൈമാറാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് കമ്മീഷണർ ടി.കെ രാമക്യഷണൻ വ്യക്തമാക്കി. ജനങ്ങളുടെ മൗലിക അവകാശത്തിന് ഉദ്യോഗസ്ഥർ സുതാര്യത ഉറപ്പാക്കണം. വിവരാവകാശ നിയമം സെക്ഷൻ 31 പ്രകാരം അപേക്ഷകന് വിവരം നിഷേധിച്ചാലും തെറ്റായ വിവരം നൽകിയാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കമ്മീഷൻ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ പരിശീലനത്തിൽ അറിയിച്ചു. വിവരാവകാശ നിയമ പ്രകാരം ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ വിവരം ലഭ്യമല്ല, ഓഫീസിൽ രേഖയില്ലെന്ന മറുപടി നൽകാൻ കഴിയില്ല. പരിശീലന പരിപാടിയിൽ വിവിധ ഓഫീസുകളിലെ അപ്പ്ലറ്റ് അതോറിറ്റി, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുമായി കമ്മീഷൻ മുഖാമുഖം നടത്തി. സുൽത്താൻ ബത്തേരി സെറ്റ്‌കോസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ എ.ഡി.എം കെ ദേവകി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, സുൽത്താൻ ബത്തേരി തഹസിൽദാർ എം.എസ് ശിവദാസൻ എന്നിവർ സംസാരിച്ചു. കൽപ്പറ്റ താലൂക്കിലെ അപ്പ്ലറ്റ് അതോറിറ്റി, എസ്പിഒ ഉദ്യോഗസ്ഥർക്ക് ഇന്ന് (ജനുവരി 16) ഉച്ചക്ക് 1.30 മുതൽ പുത്തൂർ വയൽ സ്വാമിനാഥൻ ഹാളിൽ ഏകദിന ശിൽപശാലസംഘടിപ്പിക്കും.
Average Rating