മുണ്ടക്കൈ – ചൂരൽമല ദുരന്തം* *കാണാതായവരുടെ ആശ്രിതർക്ക് ധനസഹായം ഉറപ്പാക്കാൻ പ്രാദേശിക* – *സംസ്ഥാനതല സമിതി രൂപീകരിച്ചു*
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്ക് ധനസഹായം ഉറപ്പാക്കാൻ സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ പ്രാദേശിക – സംസ്ഥാനതല സമിതികൾ രൂപീകരിച്ച് ഉത്തരവായി. വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ അംഗങ്ങളായാണ് പ്രാദേശിക സമിതി രൂപീകരിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) പ്രിൻസിപ്പൽ സെക്രട്ടറി (റവന്യൂ ആൻഡ് ദുരന്തനിവാരണം) പ്രിൻസിപ്പൽ സെക്രട്ടറി (തദ്ദേശ സ്വയംഭരണ വകുപ്പ് ) എന്നിവർ സംസ്ഥാന തല സമിതിയായും രൂപികരിച്ചു. ദുരന്തത്തിൽ കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കുന്നതിന് കാണാതായവരുടെ പേരിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ വിശദാംശങ്ങൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ നിന്നും റവന്യൂ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും. എഫ്ഐആർ പരിശോധിച്ച് പ്രത്യേക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി കാണാതായ വ്യക്തിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല/കാണാതായിയെന്ന് രേഖപ്പെടുത്തും. കാണാതായവരുടെ പട്ടിക തയ്യാറാക്കുകയാണ് പ്രാദേശികതല സമിതിയുടെ ചുമതല. പ്രാദേശിക തല സമിതി തയ്യാറാക്കിയ പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കുകയും ജില്ലാ ദുരന്തനിവാരണ അതോറിറ്റി പട്ടിക പരിശോധിച്ച് വ്യക്തമായ ശുപാർശയോടെ സംസ്ഥാനതല സമിതിക്ക് സമർപ്പിക്കും. സംസ്ഥാനതല സമിതി പട്ടിക സൂക്ഷ്മ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പട്ടികയിലുൾപ്പെട്ട കാണാതായവരെ മരണപ്പെട്ടവരായി കണക്കാക്കി അടുത്ത ബന്ധുക്കൾക്ക് ധനസഹായം അനുവദിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അർഹമായ എക്സ്ഗ്രേഷ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും കാണാതായവരുടെ ആശ്രിതർക്കും അടിയന്തരമായി അനുവദിക്കുന്നതിനാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടിക മാനദണ്ഡമാക്കി സംസ്ഥാനതല സമിതിയുടെ ശുപാർശ പരിഗണിച്ച് കാണാതായവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകാനും നടപടി സ്വീകരിക്കും. ദുരന്തത്തിൽ കാണാതായ വ്യക്തിയെ സംബന്ധിച്ച റിപ്പോർട്ട് /പ്രഥമ വിവരം കാണാതായ വ്യക്തിയുടെ അടുത്ത ബന്ധു അതത് പരിധിയിലെ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്യണം. വ്യക്തിയെ കാണാതായത് മറ്റൊരു സ്ഥലത്താണെങ്കിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറണം. വ്യക്തിയെ കാണാതായത് സംബന്ധിച്ച് ബന്ധു നൽകിയതും നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സ്ഥിര രേഖയായി സൂക്ഷിക്കണം. കാണാതായ വ്യക്തിയുടെ പ്രഥമ വിവരങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ദുരന്തം നടന്ന സ്ഥലത്തെ ചുമതലയുള്ള ഉദ്യോഗസ്ഥന് (തഹസിൽദാർ /സബ് ഡിവിഷണൽ മജിസ്ട്രേറ്റ്) പോലീസിന്റെ റിപ്പോർട്ടും റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, തിരിച്ചറിയൽ രേഖകൾ സഹിതം അയച്ചു നൽകണം. കാണാതായ വ്യക്തിയെ സംബന്ധിച്ച് തഹസിൽദാർ ,സബ് ഡിവിഷനിൽ മജിസ്ട്രേറ്റ് വിശദമായ അന്വേഷണം നടത്തും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ / സബ് ഡിവിഷൻ മജിസ്ട്രേറ്റ് കാണാതായ വ്യക്തി മരണപ്പെട്ടതായി കണക്കാക്കി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിക്കും. കാണാതായ വ്യക്തികൾ മരണപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് താത്ക്കാലിക പട്ടിക തയ്യാറാക്കി ദിനപത്രം, ഔദ്യോഗിക ഗസറ്റ്, സർക്കാർ വെബ് സൈറ്റികളിൽ ആക്ഷേപ അഭിപ്രായങ്ങൾ കാണിച്ച് മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കും. പട്ടിക പ്രസിദ്ധീകരിച്ച 30 ദിവസത്തിനകം ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. നിശ്ചിത സമയ പരിധിക്കകം ആക്ഷേപ അഭിപ്രായങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ ബന്ധപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് വിശദവിവരങ്ങൾ ഉൾപ്പെടെയുള്ള ഉത്തരവ് തഹസിൽദാർ /സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ജനന- മരണ രജിസ്ട്രാർക്ക് നൽകുകയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാർ മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് അനുവദിക്കണം. മരിച്ചയാളുടെ അടുത്ത ബന്ധുവിന് മരണ സർട്ടിഫിക്കറ്റ് സൗജന്യമായി നൽകണം. പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്ത പോലീസ് സ്റ്റേഷനിലേക്കും മരണ സർട്ടിഫിക്കറ്റ് അയച്ചു നൽകണം. ആക്ഷേപങ്ങൾ ലഭിക്കുന്ന കേസുകളിൽ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്ന തഹസിൽദാർ / സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥൻ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സംബന്ധിച്ച കാര്യ കാരണങ്ങൾ സഹിതമുള്ള വിശദമായ ഉത്തരവ് തഹസിൽദാർ / സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അയച്ചു കൊടുക്കണം. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് ഉത്തരവ് നൽകുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യണം. ദുരന്ത സമയത്ത് ദുരന്തബാധിത ഗ്രാമങ്ങളിൽ അകപ്പെട്ട മറ്റു ജില്ലകളിലെ താമസക്കാർ, വിവിധ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരികളെ സംബന്ധിച്ചുള്ള നടപടികളിൽ കാണാതായതും മരിച്ചതായി കരുതുന്ന വ്യക്തിയുടെ അടുത്ത ബന്ധുക്കളോ കാണാതായ വ്യക്തിയെ സംബന്ധിച്ച പ്രഥമ റിപ്പോർട്ട് എഫ്ഐആർ സമർപ്പിക്കണം. എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ കാണാതായ വ്യക്തിയുടെ സ്വന്തം ജില്ലയിലെ, സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് അന്വേഷണം കൈമാറി രജിസ്ട്രേഷനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Average Rating