എൽസ്റ്റൺ-നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി സർവ്വെ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി കെ. രാജൻ
മുണ്ടക്കൈ-ചൂരൽമല: ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ സർവ്വെ നടപടികൾവേഗത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനത്തിന് മുന്നോടിയായുള്ള ഹൈഡ്രോളജിക്കൽ – ജയോളജിക്കൽ – ഫോട്ടോഗ്രാഫിക് – ഭൂമിശാസ്ത്ര സർവ്വെകൾ ജനുവരിയോടെ പൂർത്തീകരിക്കും. കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ എൽസ്റ്റൺ എസ്റ്റേറ്റിലെ ഭൂമിയുടെ വില നിർണ്ണയ സർവ്വെ ജനുവരി ഒന്നിന് ആരംഭിച്ചിട്ടുണ്ട്. 15 ദിവസത്തിനകം എൽസ്റ്റണിലെയും നെടുമ്പാല എസ്റ്റേറ്റിലെ ഭൂമി സർവ്വെ ആരംഭിച്ച് 20 ദിവസത്തിനകം പൂർത്തീകരിക്കും. ഫീൽഡ് പരിശോധന പൂർത്തിയാക്കി കെട്ടിട നിയമം പരിഗണിച്ച് ഭൂമിയുടെ ശാസ്ത്രീയത അടിസ്ഥാനമാക്കി പരമാവധി ഭൂമി ഉപയോഗപ്പെടുത്തിയാണ് ടൗൺഷിപ്പ് നിർമ്മിക്കുക. അതിജീവിതർക്കായി സർക്കാർ നൽകുന്ന 300 രൂപ ജൂവനോപാധി ധനസഹായം ദീർഘിപ്പിച്ച് നൽകാൻ സംസ്ഥാന ദിരന്ത നിവാരണ അതോറിറ്റിയോട് ശുപാർശ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. സർവ്വെ നടപടികൾക്ക് ശേഷം ഭൂമി ഒരുക്കൽ നടപടികൾ ആരംഭിക്കാൻ കിഫ്‌കോണിനും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പുനരധിവാസ പദ്ധതി നടപ്പാക്കാൻ ത്രിതല സംവിധാനമാണ് ഉറപ്പാക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായി വയനാട് പുനർനിർമ്മാണ സമിതിയാണ് പദ്ധതിക്ക് നേതൃത്വം നൽകുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പ്രൊജകട് ഇംപ്ലിമെന്റേഷൻ യൂണിറ്റും പദ്ധിയുടെ ഭാഗമായി പ്രവർത്തിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷനേതാവ്, സ്പോൺസർമാർ, മന്ത്രിമാർ ഉൾപ്പെടുന്ന ഉപദേശക സമിതി പദ്ധതി നടത്തിപ്പിന്റെ സുതാര്യതയും ഗുണമേന്മയും ഉറപ്പാക്കും. ചീഫ് സെക്രട്ടറി, സർക്കാർ, പി.എം.സി പ്രതിനിധികൾ, മൂന്നാം കക്ഷി എന്ന നിലയിൽ ഒരു സ്വതന്ത്ര എൻജിനീയർ, സ്വതന്ത്ര ഓഡിറ്റർ എന്നിവരടങ്ങിയ സംഘം ഗുണനിലവാരം ഉറപ്പാക്കും. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ലാന്റ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശികൻ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, എന്നിവർ പങ്കെടുത്തു.
Average Rating