ടൗൺഷിപ്പ്: സർവേ തുടങ്ങി, അഞ്ച് ദിവസത്തിനകം പൂർത്തിയാക്കും
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് കൽപ്പറ്റയ്ക്ക് സമീപം ഏറ്റെടുക്കുന്ന
എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ കുഴിക്കൂർ വിലനിർണയ സർവേ തുടങ്ങി. അഞ്ച് ദിവസത്തിനകം പൂർത്തിയാക്കും. ടൗൺഷിപ്പ് സ്‌പെഷൽ ഓഫീസർ ഡോ.ജെ.ഒ. അരുൺ, എഡിഎം കെ. ദേവകി, എൽഎ ഡെപ്യൂട്ടി കളക്ടർ പി.എം. കുര്യൻ, സ്‌പെഷൽ തഹസിൽദാർ ബി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ 10 ടീമുകളാണ് സർവേ നടത്തുന്നത്. റവന്യു, വനം, കൃഷി ജീവനക്കാരും സർവേ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് സർവേ സംഘം. ഒരു ടീം അഞ്ച് ഹെക്ടർ സ്ഥലം മാർക്ക് ചെയ്ത് നൽകും. പുനരധിവാസത്തിനും നിർമാണത്തിനും യോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനുശേഷമുള്ള സ്ഥലമാണ് ടൗൺഷിപ്പിന് ഏറ്റെടുക്കുക. പുനരധിവാസത്തിനു ഏറ്റെടുക്കാത്ത ഭൂമിയിൽ പ്ലാന്റേഷൻ പ്രവർത്തനത്തിനു
അനുമതി നൽകും. ഭൂമി കണ്ടെത്തിയത് ഡ്രോൺ സർവേയിലൂടെയാണ്. ഫീൽഡ് സർവേ പൂർത്തിയാകുന്നതോടെ ടൗൺഷിപ്പിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാവും. എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പ് കൽപ്പറ്റ നഗരസഭാ പരിധിയിലാണ്. മേപ്പാടി നെടുമ്പാലയിൽ ഹാരിസൺസ് പ്ലാന്റേഷനിൽനിന്നു ഏറ്റെടുക്കുന്ന ഭൂമിയിലാണ് രണ്ടാമത്തെ ടൗൺഷിപ്പ് സജ്ജമാക്കുക, ഭൂമി വിലയിലെ വ്യത്യാസം കണക്കിലെടുത്ത് ഒരു കുടുംബത്തിന് എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ചും നെടുമ്പാലയിൽ പത്തും സെന്റാണ് നൽകുക. വീടുകൾക്ക് പുറമേ വിനോദത്തിനുള്ള സൗകര്യം, മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങളും ടൗൺഷിപ്പിൽ സജ്ജമാക്കും. പുനരധിവാസത്തിനുശേഷവും ദുരന്തമേഖലയിലെ ഭൂമിയുടെ ഉടമാവകാശം അതത് വ്യക്തികൾക്കായിരിക്കും. ഉരുൾവെള്ളം ഒഴുകിയ ഭൂമി കാടുപിടിക്കാതിരിക്കാൻ കളകടീവ് ഫാമിംഗ് പോലുള്ള ഉത്പാദന ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള സാധ്യത പരിഗണിക്കും. ടൗൺഷിപ്പ് ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ജനുവരി 25നകം പുറത്തിറക്കും. അതിജീവിതർക്ക് ഉപജീവനമാർഗ്ഗം ഒരുക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ തയാറാക്കിയ മൈക്രോ പ്ലാൻ സർവേയിലൂടെ 79 പേർ മൃഗസംരക്ഷണ മേഖലയും 192 പേർ കാർഷിക മേഖലയും 1,034 പേർ സൂക്ഷ്മ സംരംഭങ്ങളും 585 പേർ മറ്റ് വരുമാന പ്രവർത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്. പ്രത്യേക പരിഗണന നൽകേണ്ട സ്ത്രീകൾ മാത്രമുള്ള 84 കുടുംബങ്ങളെയും വിധവകൾ മാത്രമുള്ള 38 കുടുംബങ്ങളെയും കുട്ടികൾ മാത്രമുള്ള മൂന്നു കുടുംബങ്ങളെയും വയോജനങ്ങൾ മാത്രമുള്ള നാല് കുടുംബങ്ങളെയും ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളെയും മൈക്രോ പ്ലാനിലൂടെ കണ്ടെത്തിയിരുന്നു
Average Rating