April 3, 2025

ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയുടെ ഓഫീസിലേക്ക്‌ സിപിഐ എം മാർച്ച്‌

ബത്തേരി: വയനാട്‌ ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ രാജി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എംഎൽഎ ഓഫീസ്‌ മാർച്ച്‌ നടത്തി. വിജയന്റെയും മകന്റെയും മരണത്തിൽ പ്രതിഷേധം ഇരമ്പി. കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ ഉദ്യേഗാർഥികളിൽനിന്ന്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ കോടികൾ തട്ടി വിജയനെ ഇരയാക്കിയെന്ന്‌ സിപിഐ എം ആരോപിച്ചു. കോടികളുടെ ബാധ്യത ചുമലിലായതോടെയാണ്‌ മകന്‌ വിഷം നൽകി വിജയൻ ആത്മഹത്യ ചെയ്‌തത്‌.
എംഎൽഎ സ്ഥാനം രാജിവച്ച്‌ ബാലകൃഷ്‌ണൻ അന്വേഷണം നേരിടണം. വിജയന്റെയും മകന്റെയും മരണത്തിനുത്തരവാദികളായ മുഴുവൻ കോൺഗ്രസ്‌ തോക്കളെയും തുറങ്കിലടയ്‌ക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ഇതിനായി പ്രക്ഷോഭം ശക്തമാക്കും.
മാർച്ച്‌ ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ഉദ്‌ഘാടനംചെയ്‌തു. എം എസ്‌ വിശ്വനാഥൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്‌ താളൂർ, ബീനാ വിജയൻ, പി വാസുദേവൻ, എൻ പി കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു. ബത്തേരി ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്‌ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *