April 3, 2025

എസ്‌എഫ്‌ഐ സ്ഥാപകദിനം; അഭിമന്യു എൻഡോവ്‌മെന്റ്‌ ഹണി ഹരികൃഷ്ണന്‌

കൽപ്പറ്റ: എസ്‌എഫ്‌ഐ 54–-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി നാലാമത്‌ അഭിമന്യു എൻഡോവ്‌മെന്റ്‌ പുരസ്‌ക്കാരം ജൂനിയർ സോഫ്റ്റ് ബേസ്ബോൾ കേരള ടീം അംഗം ഹണി ഹരികൃഷ്ണന്‌ സമ്മാനിച്ചു. 40,000 രൂപയയും ഉപഹാരവും അടങ്ങുന്ന പുരസ്‌ക്കാരമാണ്‌ കൈമാറിയത്‌.
മഹാരാജാസ് കോളേജിൽ എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സ്മരണാർഥമാണ്‌ ജില്ലാ കമ്മിറ്റി എൻഡോവ്‌മെന്റ്‌ ഏർപ്പെടുത്തിയത്‌. മീനങ്ങാടി ഗവ. എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിഭാഗം വിദ്യാർഥിയാണ് ഹണി. ഹരിയാനയിൽ നടന്ന സോഫ്റ്റ്‌ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീം അംഗമായിരുന്നു. ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ എൻഡോവ്‌മെന്റ്‌ കൈമാറി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എസ്‌ ഷിയാസ്, സംസ്ഥാന കമ്മിറ്റി അംഗം പി സി പ്രണവ്, ഒ നിഖിൽ, അക്ഷയ് പ്രകാശ്, ആഗ്നേയ് എന്നിവർ പങ്കെടുത്തു.
സ്ഥാപക ദിനത്തിന്റെ ഭാഗമായി ജില്ലയിലാകെ വിവിധ ക്യാമ്പയിനുകൾ നടന്നു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ ഗവ.ചിൽഡ്രൻസ് ഹോം സന്ദർശിച്ച്‌ വിദ്യാർഥികൾക്ക്‌ പഠനോപകരണങ്ങളും മധുരവും കൈമാറി. ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലും പഠനോപകരണ വിതരണം നടത്തി. കോട്ടത്തറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഗവ. ജനറൽ ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്തു. ഏരിയ ലോക്കൽ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *