April 3, 2025

പൂക്കോട്‌ വെറ്ററിനറി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം

കൽപ്പറ്റ: മാധ്യമവേട്ടയ്‌ക്കുള്ള വിദ്യാർഥികളുടെ മറുപടിയായി പൂക്കോട്‌ വെറ്ററിനറി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വല വിജയം. പൂക്കോട്‌ സർവകലാശാല ആസ്ഥാനത്തെ ക്യാമ്പസ്‌ യൂണിയനിലേക്കും ബി. ടെക് ഡയറി കോളേജ്‌ യൂണിയനിലേക്കും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ചൊവാഴ്‌ച നാമനിർദ്ദേശ പത്രികസമർപ്പണവും ബുധൻ സൂക്ഷ്മപരിശോധനയും പൂർത്തിയായി. വെറ്ററിനറി കോളേജിൽ 18 മേജർ സീറ്റടക്കം 25 സീറ്റിലും ബി ടെക്കിൽ 13 മേജർ സീറ്റുൾപ്പെടെ 18 സീറ്റിലും എസ്‌എഫ്‌ഐക്ക്‌ മാത്രമായിരുന്നു സ്ഥാനാർഥികളുണ്ടായിരുന്നത്‌.
വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന്റെ ഉത്തരവാദിത്വം എസ്‌എഫ്‌ഐയുടെ ചുമലിൽവയ്‌ക്കാൻ ബോധപൂർവശ്രമം നടത്തിയ മാധ്യമ അൻഡയ്‌ക്കും
യുഡിഎഫ്‌–-ബിജെപി കള്ളപ്രചാരണങ്ങൾക്കും എതിരെയുള്ള പ്രതിരോധമായാണ്‌ വെറ്ററിനറിയിലെ വിദ്യാർഥികൾ എസ്‌എഫ്‌ഐയെ നെഞ്ചേറ്റിയത്‌.
രാഷ്‌ട്രീയത്തിനതീതമായി കോളേജിലുണ്ടായ സംഭവങ്ങളെ തുടർന്നായിരുന്നു വിദ്യാർഥിയുടെ മരണം. എന്നാൽ, എസ്‌എഫ്‌ഐയെ തകർക്കാൻ മാധ്യമങ്ങളും പ്രതിപക്ഷ പാർടികളും മരണത്തെ ഉപയോഗിക്കുകയായിരുന്നു. കള്ളപ്രചാരണങ്ങളെ വിദ്യാർഥികൾ തള്ളിക്കളഞ്ഞുവെന്നതിന്‌ തെളിവാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം. മാനേജ്‌മെന്റ്‌, അക്കാദമിക്ക്‌ കൗൺസിൽ തെരഞ്ഞെടുപ്പുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *