
കർണാടകയിൽ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്തു

*ക്ലോസറ്റിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരകൃത്യം പുറം ലോകമറിഞ്ഞത്
ബെംഗളൂരു: കർണാടകയിൽ നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്‌ലറ്റിലെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് അടിച്ച നിലയിൽ. കർണാടക രാമനാഗര ജില്ലയിലെ ദയാനന്ദ സാഗർ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള ശുചിമുറിയിലാണ് കുട്ടിയെ ഫ്‌ളഷ് ചെയ്ത നിലയിൽ കണ്ടെത്തിയത്. കക്കൂസിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് ക്രൂരകൃത്യം പുറം ലോകമറിഞ്ഞത്.
തുണിയോ മറ്റെന്തെങ്കിലും വസ്തുക്കളോ തടഞ്ഞതാകാം കാരണമെന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ പ്രാഥമിക നിഗമനം. തുടർന്ന് ബ്ലോക്ക് തടയാനുള്ള ശ്രമങ്ങൾക്കിടെയാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്. ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ആശുപത്രിയുടെ ഭാഗമാണെങ്കിലും ശുചിമുറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. അതിനാൽ ആശുപത്രിയിലുള്ള രോഗികളിൽ ആരെങ്കിലുമാണോ അതോ മറ്റാരെങ്കിലുമാണോ കൃത്യത്തിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
മുനമ്പത്ത് നോട്ടീസ് അയച്ചത് 12 ബിസിനസുകാർക്ക് മാത്രം, കുടിയിറക്കൽ നോട്ടീസ് ആർക്കും നൽകിയിട്ടില്ല: എം കെ സക്കീർ
സംഭവത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആശുപത്രിയിലെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അമ്മ തന്നെയായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.