
രോഹിത്തിനും ബുംറയ്ക്കുമൊപ്പം മുംബൈയിൽ തിളങ്ങാൻ വിഗ്നേഷ്

*കേരളത്തിൽ നിന്നുള്ള 12 താരങ്ങൾ ലേലലിസ്റ്റിൽ ഇടംപിടിച്ചിരുന്നെങ്കിലും ഐപിഎൽ കരാർ ലഭിച്ചത് മൂന്ന് താരങ്ങൾക്ക് മാത്രമാണ്
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാതാരലേലം അവസാനിക്കുമ്പോൾ അപ്രതീക്ഷിതമായ ചില പേരുകൾ ഉയർന്നുകേട്ടിരുന്നു. കേരളത്തിൽ നിന്നുള്ള 12 താരങ്ങൾ ലേലലിസ്റ്റിൽ ഇടംപിടിച്ചിരുന്നെങ്കിലും ഐപിഎൽ കരാർ ലഭിച്ചത് മൂന്ന് താരങ്ങൾക്ക് മാത്രമാണ്. കേരള ക്രിക്കറ്റിന്റെ ശ്രദ്ധേയ താരങ്ങളായ സച്ചിൻ ബേബിയെ സൺറൈസേഴ്‌സും വിഷ്ണു വിനോദിനെ പഞ്ചാബ് കിങ്‌സും തട്ടകത്തിലെത്തിച്ചു. എന്നാൽ മൂന്നാമത്തെ മലയാളി താരമാണ് ആരാധകർക്ക് സർപ്രൈസ് സമ്മാനിച്ചത്.
താരലേലം പൂർത്തിയായി; ലേലത്തിൽ സ്വന്തമാക്കിയ താരങ്ങൾ ഉൾപ്പെടെ ടീം പട്ടിക ഇങ്ങനെ
വിഗ്നേഷ് പുത്തൂർ എന്ന മലയാളി താരമാണ് ഇത്തവണത്തെ ഐപിഎല്ലിലെ സർപ്രൈസ് എൻട്രിയായത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 19കാരനെ മുംബൈ ഇന്ത്യൻസാണ് തട്ടകത്തിലെത്തിച്ചത്. ലേലത്തിന്റെ രണ്ടാം ദിനം അടിസ്ഥാന വിലയായ 30 ലക്ഷം നൽകിയാണ് മുംബൈ വിഗ്നേഷിനെ സ്വന്തമാക്കിയത്.

കേരളത്തിന്റെ സീനിയർ ടീമിന് വേണ്ടി ഇതുവരെ കളിച്ചിട്ടില്ലാത്ത വിഗ്നേഷ് ഈ വർഷം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു. കെസിഎല്ലിലെ മിന്നും പ്രകടനമാണ് മുംബെെയുടെ സ്‌കൗട്ടിങ് ടീം വിഗ്നേഷിനെ നോട്ടമിടാൻ കാരണം. ഐപിഎൽ ലേലത്തിന് മുൻപുതന്നെ മുംബൈ ഇന്ത്യൻസ് വിഗ്നേഷിനെ ട്രയൽസിന് ക്ഷണിച്ചിരുന്നു. ട്രയൽസിലും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് തന്റെ 19ാം വയസ്സിൽ വിഗ്നേഷിന് ഐപിഎല്ലിലേക്ക് വഴിയൊരുങ്ങിയത്.
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാതാരലേലം
അതേസമയം, വിഷ്ണു വിനോദും സച്ചിൻ ബേബിയും ഇതിനുമുൻപും ഐപിഎൽ ടീമുകളുടെ ഭാഗമായിട്ടുണ്ട്. 30 ലക്ഷം അടിസ്ഥാന വിലയ്ക്ക് ലേലത്തിനെത്തിയ വിഷ്ണുവിനെ 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. മറ്റൊരു മലയാളി താരമായ സച്ചിൻ ബേബിയെ 30 ലക്ഷത്തിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സച്ചിൻ ബേബിയുടെ അടിസ്ഥാന വിലയും 30 ലക്ഷം തന്നെയായിരുന്നു.