April 3, 2025

ദീപാവലിക്കും റെക്കോർഡ് തകർത്ത് സ്വർണവില

ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് സ്വർണ വിലക്കയറ്റം. ഇന്ന് ഒരു പവന് സ്വർണത്തിന് 120 രൂപ വർധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയർന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വർണവില ആദ്യമായി 59,000 തൊട്ടത്.

ഈ മാസം ആദ്യം 56,400 രൂപയായിരുന്നു സ്വർണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ റെക്കോർഡുകൾ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നൽകി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവില ആയിരത്തിലധികം രൂപയാണ് വർധിച്ചത്.

രാജ്യാന്തര വിലയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും സ്വർണവിലക്കയറ്റം. ദീപാവലി ദിവസം സ്വർണം വാങ്ങുന്നത് ലക്ഷ്മീദേവിയെ ആരാധിക്കുന്നതിന് തുല്യമായി വിശ്വസിക്കുന്നവരുണ്ട്. അങ്ങനെ സ്വർണം വാങ്ങാനിരിക്കുന്നവർക്കെല്ലാം പ്രതിസന്ധിയാവുകയാണ് പാറിപ്പറക്കുന്ന സ്വർണ വില.

രാജ്യാന്തര വില ഔൺസിന് 2,700 ഡോളറിന് മുകളിൽ തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമൊക്കെയാണ് സ്വർണ വില കൂടാനിടയാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *