April 3, 2025

പെരുമാറ്റച്ചട്ടം വയനാട്ടിൽ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കരുത് ഹൈക്കോടതി.

കൊച്ചി∙ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം വയനാട്ടിൽ നടക്കുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി. പരിസ്ഥിതിലോല മേഖലയായതിനാൽ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ചാണു നടക്കുന്നതെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പരിസ്ഥിതിക്കു ഹാനികരമാകുന്ന ഫ്ലക്സുകൾ തടയുന്നത് ഉൾപ്പെടെയാണ് ഗ്രീൻ പ്രോട്ടോക്കോൾ. ജൂലൈ 30നുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് സ്വമേധയാ എടുത്ത കേസും മറ്റു പൊതുതാൽപര്യ ഹർജികളും പരിഗണിക്കുന്ന പ്രത്യേക ബെഞ്ചാണിത്.
വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന കാര്യം അമിക്കസ് ക്യൂറി രഞ്‍ജിത് തമ്പാൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര, സംസ്ഥാന സംവിധാനങ്ങളടക്കം സഹായങ്ങൾ പ്രഖ്യാപിക്കുന്നതും നൽകുന്നതുമെല്ലാം ഇതുമൂലം തടസപ്പെടും. വയനാട്ടിൽ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കുമെന്നും ഈ സാഹചര്യത്തിൽ കോടതിയുടെ പ്രത്യേക ഇടപെടൽ ആവശ്യമാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. തുടർന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ പെരുമാറ്റച്ചട്ടം ഒരു വിധത്തിലും ബാധിക്കരുതെന്ന് കോടതി നിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *