
പുൽപ്പള്ളി സമൂഹികാരോഗ്യകേന്ദ്രം താഴെയങ്ങാടിയിലേക്ക് മാറ്റുന്നു

പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രം താഴെയങ്ങാടിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. ഓഫീസിന്റെയും പബ്ലിക് ഹെൽത്ത് വിഭാഗത്തിന്റെയും പ്രവർത്തനമാണ് ആദ്യഘട്ടത്തിൽ മാറ്റുക. ഓക്ടോബർ ആദ്യവാരം ഇവ പ്രവർത്തനമാരംഭിക്കും. വൈകാതെ ഒപി, കിടത്തി ച്ചികിത്സ, ഫാർമസി തുടങ്ങിയവ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഇതിനാവശ്യമായ സൗകര്യം ഒരുക്കും. ഫിസിയോ തെറാപ്പി ഉൾപ്പെടെ സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ലഭ്യമാക്കും.
പനമരം ബ്ലോക്ക് പഞ്ചായത്ത് മൾട്ടി സെക്ടറൽ ഡവലപ്‌മെന്റ് പ്രോഗ്രാമിൽ മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് താഴെയങ്ങാടിക്കു സമീപം മൂന്ന് നിലകളിൽ പുതിയ ആശുപത്രിക്കെട്ടിടം നിർമിച്ചത്. മിനി ഓപ്പറേഷൻ തിയേറ്റർ, ഐസിയു, ഡയാലിസിസ് യൂണിറ്റ്, എക്‌സ്‌റേ യൂണിറ്റ്, ലേബർ റൂം, കിടത്തിച്ചികിത്സ, മോർച്ചറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടം പണിതത്. നിർമാണം പൂർത്തിയാക്കിയശേഷം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം ഇവിടേക്കു മാറ്റാൻ തയാറെടുപ്പ് നടത്തുന്നതിനിടെയാണ് ആരോഗ്യ വകുപ്പ് കൊവിഡ് സെന്ററായി കെട്ടിടം ഏറ്റെടുത്തത്. കൊവിഡ് കാലം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തനം തുടങ്ങാനായില്ല. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ബെന്നി, നിത്യ ബിജുകുമാർ, മെഡിക്കൽ ഓഫീസർ ഡോ.പ്രഭാകരൻ, ഷിജി, എൻ.യു. ഉലഹന്നാൻ, എം.എസ്. സുരേഷ്ബാബു, സാജൻ മാത്യു, ലിയോ ടോം, ബാബു പ്രണവം, കെ.എസ്. സ്‌കറിയ, മാത്യു മത്തായി ആതിര, റെജി പുളിങ്കുന്നേൽ, പി.ഡി. ജോണി എന്നിവർ പ്രസംഗിച്ചു