
വികസന പദ്ധതികളുടെ തുടർപ്രവർത്തനം വേഗത്തിലാക്കണം: ജില്ലാ വികസന സമിതി

ജില്ലയിലെ മുഴുവൻ വാർഡുകളിലും റെയിൻഗേജ് സംവിധാനം ഒരുക്കണം
ജില്ലയിലെ വികസന പദ്ധതികളുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കളക്ടറേറ്റ് സ്പോട്സ് കൗൺസിൽ ഹാളിൽ എ.ഡി.എം കെ. ദേവകിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിർദേശം. ദേശീയപാത വികസന പ്രവർത്തികൾ വേഗത്തിലാക്കണമെന്നും യോഗം നിർദേശിച്ചു. ദേശീയപാത നാലുവരിയാക്കാനുള്ള തടസം നീക്കാൻ മന്ത്രി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക യോഗം ചേരും. കൈനാട്ടി ജങ്ഷൻ മുതൽ കൽപ്പറ്റ ബൈപ്പാസ് ജങ്ഷൻ വരെയുള്ള ദേശീയപാത വികസന സ്ഥലമെടുപ്പ് നടപടികൾ സംബന്ധിച്ചും ചർച്ച ചെയ്യും. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച് നൽകുന്ന വീടുകൾക്ക് നമ്പർ ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കാൻ ടി.ഡി.ഒമാർ നൽകിയ റിപ്പോർട്ട് ചർച്ച ചെയ്യാൻ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ യോഗം ചേരാൻ തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. മേപ്പാടി വിത്തുകാട് പ്രദേശത്തെ കൈയേറ്റ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കെട്ടിട നമ്പർ, കുടിവെള്ളം , വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കണം.

ഗോത്ര മേഖലയിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറവ് വന്നതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. വിദ്യാർത്ഥികളുടെ ഹാജർനിലയിൽ പുരോഗതിയുള്ളതായും അധികൃതർ അറിയിച്ചു. കൊഴിഞ്ഞുപോക്ക് തടയാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും ജില്ലാ കളക്ടർ സെക്രട്ടറിയും ഡി.ഡി എജുക്കേഷൻ കൺവീനറുമായിട്ടുള്ള കമ്മിറ്റി മൂന്നാഴ്ച കൂടുമ്പോൾ ചേരണമെന്നും യോഗം നിർദ്ദേശിച്ചു. പോസ്‌മെട്രിക് കോഴ്സുകൾക്ക് ചേരുന്ന അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രാരംഭ ചെലവുകൾക്ക് അനുവദിച്ച 5000 രൂപ വീതം നൽകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. എബിസി ക്യാമ്പയിനിൽ രേഖകൾ ലഭിക്കാത്തവർക്ക് ജില്ലയിലെ മുഴുവൻ അക്ഷയ കേന്ദ്രങ്ങളിലും സൗജന്യ സേവനം ലഭ്യമാക്കുന്ന ഗോത്ര സൗഹൃദ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ മിനി ക്യാമ്പുകൾ നടത്തി കുടുംബങ്ങൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തും. ജില്ലയിലെ താലൂക്കുകളിൽ ഓരോ ട്രൈബൽ കോളനികൾ വീതം പൂർണമായും പുകയില രഹിതമായി പ്രഖ്യാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് തയ്യാറാക്കിയ ഡി.പി.ആർ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് ഉചിതമായ മാറ്റങ്ങൾ വരുത്തി പരിഷ്‌കരിക്കാൻ ഡി.എഫ്.ഒക്ക് നിർദ്ദേശം നൽകി. വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നൽകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനം ഉണ്ടാകണമെന്ന് യോഗം നിർദ്ദേശിച്ചു. രാത്രികാലങ്ങളിൽ റിസോർട്ടുകളിൽ വന്യമൃഗങ്ങളെ ആകർഷിക്കുന്നതും പ്രകോപിപ്പിക്കുന്നതുമായ പ്രവർത്തികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഇത്തരം റിസോർട്ടുകൾക്കെതിരെ കർശന നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. വനാന്തരങ്ങളിലെ റോഡിന് ഇരുവശവുമുള്ള അടിക്കാട് വെട്ടുന്നതിനും വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ പ്രവർത്തന രഹിതമായ വിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്താൻ നടപടികൾ ത്വരിതപ്പെടുത്തണം. പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് നിർമ്മാണത്തിന്റെ സാധ്യതാ പഠനത്തിന് അനുമതി നൽകാൻ കാലതാമസം വരുത്തരുതെന്ന് വനം വകുപ്പിനോട് യോഗം നിർദ്ദേശിച്ചു. പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് വനം വകുപ്പിന് കത്ത് നൽകണമെന്നും നിർദ്ദേശിച്ചു.
മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ വാർഡുകളിലും റെയിൻഗേജ് സിസ്റ്റം നടപ്പാക്കാൻ ജില്ലാ വികസന സമിതി ശുപാർശ ചെയ്യും. ഇതിനായി പ്രത്യേക യോഗങ്ങൾ ചേർന്ന് ജില്ലാതലത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് ടി. സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടു. തുർക്കി ജീവൻ രക്ഷാ സമിതിക്ക് കെട്ടിടം നിർമ്മിക്കാൻ സർക്കാർ അനുമതിക്ക് ജില്ലാ വികസന സമിതിയുടെ ഇടപെടൽ ഉണ്ടാകണം. ജില്ലയിലെ ഇക്കോ ടൂറിസം സെന്ററുകൾ തുറക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണം. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിൽ സർവകക്ഷികൾ, ജനപ്രതിനിധികൾ, ഉദ്യോസ്ഥർ എന്നിവരുടെ യോഗം ചേരണം. മഴക്കാലത്ത് വീടുകളുടെ പിറകിൽ മണ്ണിടിയുന്ന സംഭവങ്ങളിൽ പ്രത്യേക ശ്രദ്ധയും തുടർ നടപടികൾ സ്വീകരിക്കാൻ ക്രമീകരണങ്ങൾ ഒരുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായി ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റർ ടീച്ചർമാരെ നിയമിക്കുന്നതിനുള്ള അപേക്ഷ റദ്ദാക്കിയത് പരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. പുത്തുമല പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് അടിയന്തര യോഗം ചേരണം. ജില്ലാ മെഡിക്കൽ കോളേജിലെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് ശുചിത്വമിഷൻ റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ നടപടിയെടുക്കണം. മാലിന്യ സംസ്‌കരണ വിഷയത്തിൽ സർക്കാർ സ്ഥാപനങ്ങൾക്കും നടപടികൾ ബാധകമണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനത്തിന് പാരിസ്ഥിതിക അനുമതി നൽകുന്നതിന് മുമ്പ് ഡി.ഡി.എം.എ കമ്മിറ്റിയുടെ ശുപാർശയോ അഭിപ്രായമോ സ്വീകരിക്കണം. ക്വാറി പ്രവർത്തനങ്ങൾക്ക് അനുമതി കൊടുക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. അമ്പുകുത്തിമലയിലെ അനധികൃത നിർമ്മാണം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ചോദിക്കണമെന്നും ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു. ഒരു പഞ്ചായത്തിലെ ഒരു വാർഡിൽ അഞ്ചോ ആറോ സ്ഥലങ്ങളിൽ മഴമാപിനി സ്ഥാപിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ഡാർജിലിങ് മോഡൽ സംവിധാനത്തിന് എല്ലാ വകുപ്പുകളുടെയും സഹകരണം ഉണ്ടാകണമെന്നും സംവിധാനത്തിലൂടെ ജില്ലയിലെ ഏത് സ്ഥലത്തും ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായും രേഖപ്പെടുത്താനാകും. ഇതിനായി പ്രത്യേക ശില്പശാലകൾ സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. യോഗത്തിൽ ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ മൗനം ആചരിച്ചു. സബ് കളക്ടർ മിസാൽ സാഗർ ഭരത്, പ്ലാനിങ് ഓഫീസർ പ്രശാന്തൻ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.