April 2, 2025

പാലക്കാട് മെഡിക്കൽ കോളേജിൽനിന്ന് വയനാട്ടിലേക്ക് ഡോക്ടർമാരും സംഘവും

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 25 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക് പുറപ്പെട്ടു. ഫോറൻസിക് മെഡിസിൽ വിഭാഗം അസോസിയറ്റ് പ്രൊഫ.കെ.കെ .അബിമോന്റെ നേതൃത്വത്തിൽ സൂപ്രണ്ട് ശ്രീറാം, ജയകൃഷ്ണൻ (ഓർത്തോ വിഭാഗം), ഹരി (സർജറി), ഫവാസ് (ഫോറൻസിക്), സിദ്ധു (സർജറി) എന്നിവരും ഒമ്പത് ഹൗസ് സർജന്മാർ, ഏഴ് നഴ്സുമാർ, രണ്ട് നഴ്സിങ് അസിസ്റ്റന്റുമാർ എന്നിവരാണ് സംഘത്തിലുള്ളത്.

അവശ്യമരുന്നുകളും കരുതിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളുവിന്റെ നിർദേശാനുസരണമാണ് മെഡിക്കൽ സംഘം തിരിച്ചത്. മെഡിക്കൽ കോളേജ് ഡയറക്ടർ ഒ.കെ.മണി, പ്രിൻസിപ്പൽ വിജയലക്ഷ്മി എന്നിവർ ചേർന്ന് വാഹനം ഫ്‌ളാഗ്ഓഫ് ചെയ്തു.

സംഘം കൽപ്പറ്റയിലെത്തിയശേഷം ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച് മേപ്പാടിയിൽ താൽക്കാലിക ആശുപത്രി തുറക്കും. ഒരാഴ്ച ക്യാമ്പ് ചെയ്യുന്നതിനായാണ് പോകുന്നതെങ്കിലും ആവശ്യമെങ്കിൽ തുടരും. അത്തരം സാഹചര്യത്തിൽ രണ്ടാം ഘട്ടമായി കൂടുതൽ പേർ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വയനാട്ടിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *