
സംസ്ഥാന സീനിയർ പുരുഷ, വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് ജനുവരി ഒന്നിന് മാനന്തവാടിയിൽ തുടങ്ങും

കൽപ്പറ്റ: വയനാട് ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന, റിമാൽ ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള സംസ്ഥാന സീനിയർ പുരുഷ – വനിതാ
വോളിബോൾ ചാമ്പ്യൻഷിപ്പ്2024 ജനുവരി 1 മുതൽ 7 വരെ മാനന്തവാടിയിൽ വച്ച് നടക്കും. റിപ്പോർട്ടർ ചാനലാണ് ചാമ്പ്യൻഷിന്റെ ടൈറ്റിൽ സ്‌പോൺസർ. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള പുരുഷ-വനിത ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ആദ്യത്തെ 3 ദിവസം ലീഗ് റൗണ്ടാണ്. ലീഗ് റൗണ്ടിൽ രാവിലെ 7.30 മണി മുതൽ രാത്രി 11 മണി വരെ കളിയുണ്ടായിരിക്കും. ജനുവരി 4 മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിച്ചാൽ വൈകുന്നേരം 5 മണിക്കാണ് കളി തുടങ്ങുക. 4, 5 തിയതികളിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും 6 ന് സെമി ഫൈനൽ മത്സരങ്ങളും 7 ന് ഫൈനൽ മത്സരങ്ങളും നടക്കും. മാനന്തവാടിതാഴെയങ്ങാടി ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് താൽക്കാലിക ഫ്‌ലഡ് ലൈറ്റ്‌സ്റ്റേഡിയം നിർമ്മിച്ചത്.
ജനുവരി 1 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എംഎൽഎ മാരായ ഓ ആർ കേളു, ടി.സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, ഐ എം വിജയൻ, കിഷോർ കുമാർ, മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ സി കെ രത്‌നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, തുടങ്ങിയവർ പങ്കെടുക്കും. മന്ത്രിമാർ, ജില്ലാ കളക്ടർ ഡോക്ടർ രേണുരാജ്, മുൻ ഇന്ത്യൻ വോളി താരവും അർജുന അവാർഡ് ജേതാവും ആയ ടോം ജോസഫ് , രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ , വ്യാപാര സംഘടനാ പ്രതിനിധികൾ , സ്‌പോർട്‌സ് കൗൺസിൽ , ടെക്‌നിക്കൽ കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ ചാമ്പ്യൻഷിപ്പിന്റെ വിവിധ ദിവസങ്ങളിൽ വിശിഷ്ടാഥിതികളായി പങ്കെടുക്കും.

സംഘാടക സമിതിയുടെ നേതൃത്വത്തിൽ ടൂർണമെന്റ് വിജയത്തിനായുള്ള ഒരുക്കങ്ങളും പ്രചരണ പ്രവർത്തനങ്ങളും പൂർത്തിയായി. . വിവിധ അനുബന്ധ പരിപാടികളും നടന്നു . വൈകിട്ട് 6 മണി മുതൽ എല്ലാ ദിവസവും കലാ സാംസ്‌കാരിക പരിപാടികൾ നടക്കും.
വാർത്തസമ്മേളനത്തിൽ പങ്കെടുത്തവർ :
എം മധു ( ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് )
കെ റഫീഖ് ( സംഘാടക സമിതി വർക്കിംഗ് ചെയർമാൻ )
എൻ ജെ ഷജിത് ( സംഘാടക സമിതി ജനറൽ കൺവീനർ )
പി എം ഹസീന ( മുൻ കേരളാ വോളിബോൾ താരം)
അസീസ് വാളാട് ( സംഘാടക സമിതി വൈസ് ചെയർമാൻ