April 2, 2025

ഹരിത കർമ്മ സേനയോടൊപ്പം ഒരു ദിനം; ഫീൽഡിലിറങ്ങി വിദ്യാർത്ഥികൾ

 

ഹരിത കർമ്മസേനയോടൊപ്പം ഫീൽഡിലിറങ്ങി തരിയോട് ഗവ ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് വിദ്യാർത്ഥികൾ. തരിയോട് ഗ്രാമ പഞ്ചായത്തിലെ ചെന്നലോട് വാർഡിന്റെ സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്കായി അവസരമൊരുക്കിയത്. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. തരിയോട് ഗവ ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി അജിത്ത് അധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ, ജൈവ അജൈവ മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കൽ, അവയുടെ കൈമാറ്റം, ഹരിത മിത്രം ആപ്പ്, തൊഴിൽ സംരംഭങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഹരിത കർമ്മ സേന അംഗങ്ങളായ സാഹിറ അഷ്‌റഫ്, അന്നമ്മ സെബാസ്റ്റ്യൻ എന്നിവർ കുട്ടികൾക്കായി പരിചയപ്പെടുത്തി. നാടിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് പ്രവർത്തിക്കുന്ന ശുചിത്വ മാലാഖമാരായ ഹരിത കർമ്മ സേന അംഗങ്ങൾക്കൊപ്പം ഒരു ദിനം ചിലവഴിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർത്ഥികൾ മടങ്ങിയത്. ഹരിത കർമ്മ സേന സഹായ ഏജൻസി നിറവിന്റെ പ്രതിനിധി രാജേഷ്, എൻഎസ്എസ് പ്രതിനിധികളായ ആൻസ്റ്റിൻ ഉലഹന്നാൻ, ഹസ്‌ന അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *