April 2, 2025

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും

 

 

 

മാനന്തവാടി: ഭാര്യയെ കുത്തിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. തോൽപ്പെട്ടി ചെക്ക്പോസ്റ്റിന് സമീപത്തെ കൊറ്റൻകോട് ചന്ദ്രിക കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപറമ്പിൽ പി.കെ. അശോകനെ(48)യാണ് മാനന്തവാടി സ്പെഷ്യൽ ആൻഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷിച്ചത്.

2019 മെയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഭക്ഷണം കഴിച്ച് കൈകഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ അശോകൻ കത്തിവെച്ച് കുത്തുകയായിരുന്നു. തുടർന്ന് ചന്ദ്രികയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബ പ്രശ്നങ്ങൾ മൂലം അശോകനും ചന്ദ്രികയും ഏറെ നാളായി അകന്ന് താമസിക്കുകയായിരുന്നു. ഇടക്കിടെ അശോകൻ ചന്ദ്രികയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു. നിരന്തരം ഫോണിൽ വിളിച്ചിട്ടും, നേരിൽകാണാൽ അനുവദിക്കാതെയും ചന്ദ്രിക അകന്നുമാറിയതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നായിരുന്നു അശോകൻ പൊലീസിന് നൽകിയ മൊഴി.

അന്നത്തെ തിരുനെല്ലി എസ്.എച്ച്.ഒ രജീഷ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസന്വേഷണത്തിന് സഹായിക്കാനായി എ.എസ്.ഐ കെ.വി സജിയുമുണ്ടായിരുന്നു.പ്രോസിക്യുഷന് വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോഷി മുണ്ടക്കൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *