April 4, 2025

യുവജനങ്ങളുടെ ശാക്തീകരണം ജാഗ്രാതാ സഭ രൂപീകരിച്ചു

നാടിന്റെ ക്ഷേമത്തിനായി യുവജനതയെ ശാക്തീകരിക്കുമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാ സഭാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കലാലയങ്ങളിലും യുവജന കമ്മീഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. ലഹരി തുടങ്ങിയ സാമൂഹിക വിപത്തുകൾ തടയുന്നതിനായി യുവജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. കലാലയങ്ങളുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിക്കും. ജില്ലയിലെ വിദ്യാർത്ഥി യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ ജാഗ്രതാസഭ രൂപീകരിച്ചു. യുവജനങ്ങളുടെ മാനസികാരോഗ്യവും കർമ്മശേഷിയും ഉയർത്തുന്നതിനായുള്ള പദ്ധതികൾ ആവിഷ്‌കരിക്കുക, ലഹരിയിൽ നിന്നും യുവതയെ സംരക്ഷിക്കുക, കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജില്ലകൾ തോറും ജാഗ്രതാസഭ രൂപീകരിക്കുന്നത്. ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗത്തിൽ യുവജന കമ്മീഷൻ അംഗം കെ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കമ്മീഷനംഗം കെ.കെ വിദ്യ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് പി ജോസഫ്, ജില്ലാ കോർഡിനേറ്റർമാരായ കെ ജറീഷ്, ആദർശ് എം ആനന്ദ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *