
ബാലമിത്ര 2.0 കുഷ്ഠരോഗ നിർമ്മാർജ്ജനം

കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണ്ണയം നടത്തുന്നതിനായി ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പെയിൻ നടത്തുന്നു. സെപ്തംബർ 20 മുതൽ നവംബർ 30 വരെയാണ് ബാലമിത്ര ക്യാമ്പെയിൻ ജില്ലയിൽ നടക്കുക. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകി അംഗവൈകല്യവും രോഗപകർച്ചയും ഇല്ലാതാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. അങ്കണവാടി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികളെയാണ് ബാലമിത്ര ക്യാമ്പെയിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ മുഴുവൻ അങ്കണവാടി വർക്കർമാർക്കും സ്‌കൂളിൽ നിന്നും നിയമിച്ച നോഡൽ അധ്യാപകർക്കും കുഷ്ഠരോഗത്തെക്കുറിച്ചും ബാലമിത്ര പരിപാടിയെക്കുറിച്ചുമുളള ബോധവത്ക്കരണ പരിശീലന ക്ലാസുകൾ നൽകും. നോഡൽ അധ്യാപകർക്ക് പഞ്ചായത്ത്,കുടുംബാരോഗ്യകേന്ദ്ര തലത്തിൽ പരിശീലനം നൽകുകയും നോഡൽ അധ്യാപകർ അതത് സ്‌കൂളിലെ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുകയും ചെയ്യും. അധ്യാപകർ കുട്ടികൾക്ക് ബാലമിത്ര പരിപാടിയെക്കുറിച്ച് വിശദീകരിക്കുകയും കുട്ടികൾ വീടുകളിൽ പോയി രക്ഷിതാക്കളുടെ സഹായത്തോടെ പരിശോധന നടത്തി കുഷ്ഠരോഗം സംശയിക്കുന്ന കലകൾ, പാടുകൾ ശരീരത്തിൽ ശ്രദ്ധയിൽപ്പെട്ടാൽ ആ വിവരം ക്ലാസ് ടീച്ചറെ അറിയിക്കുകയും വേണം. ലക്ഷണങ്ങളുള്ള കുട്ടികളുടെ ലിസ്റ്റ് അധ്യാപകർ മെഡിക്കൽ ഓഫീസർമാർക്ക് നൽകുകയും ഓഫീസർമാർ തുടർ പരിശോധനകൾക്ക് വിധേയമാക്കി രോഗനിർണ്ണയും നടത്തും. വായുവിലൂടെ രോഗസംക്രമണം നടക്കുന്ന പകർച്ചവ്യാധിയാണ് കുഷ്ഠം. ചികിത്സയ്ക്ക് വിധേയമാക്കാത്ത രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന രോഗാണുക്കൾ വഴിയാണ് രോഗം പകരുന്നത്. ചർമ്മത്തിൽ ഉണ്ടാകുന്ന നിറം മങ്ങിയതോ, ചുവന്ന് തടിച്ചതോ സ്പർശന ശേഷി കുറഞ്ഞതോ ആയ പാടുകളാണ് പ്രധാന രോഗലക്ഷണം.
കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണ്ണയത്തിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ബാലമിത്ര 2.0 പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപനസമിതിയോഗം കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.. എ.ഡി.എം എൻ.ഐ ഷാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി ദിനീഷ്, ജില്ലാ ലെപ്രസി ഓഫീസർ ഡോ സാവൻ സാറാമാത്യു എന്നിവർ പങ്കെടുത്തു.
യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും പങ്കെടുത്തു.
