April 2, 2025

ഓണാഘോഷവുമായി ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പുകൾ

കൽപ്പറ്റ: ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ സ്കൂൾ ക്യാമ്പുകൾ വിവിധ ഡിജിറ്റൽ ഓണാഘോഷ പരിപാടികളുമായി സെപ്റ്റംബർ 1, 2, 3 തീയതികളിൽ നടക്കും. ഓണാഘോഷം എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ അധിഷ്ഠിതമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ക്രാച്ച് പ്രോഗ്രാമിങ് സോഫ്റ്റ്‍വെയറിൽ തയ്യാറാക്കിയ റിഥം കമ്പോസർ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളമൊരുക്കുന്ന കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, സ്വതന്ത്ര ദ്വിമാന അനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ, ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയാണ് യൂണിറ്റ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ ക്യാമ്പംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച വിദ്യാർത്ഥികളെ നവംബറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കും. ഉപജില്ലാ ക്യാമ്പിൽ അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിലെ പ്രവർത്തനങ്ങളാണ് നടത്തുക. ജില്ലയിലെ 72 വിദ്യാലയങ്ങളിൽ നിന്നായി 2,260 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. 51 അധ്യാപകർക്ക് ക്യാമ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *