
ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു

മാനന്തവാടി പയ്യമ്പള്ളിയിലെ രാജീവ്ഗാന്ധി അർബൻ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ ഇ-ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ആദ്യഘട്ടമായുള്ള ഏകികൃത ആരോഗ്യ തിരിച്ചറിയൽ കാർഡുകളുടെ വിതരണോദ്ഘാടനം ഹെൽത്ത് സെന്ററിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ് മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ സി.കെ രത്‌നവല്ലിക്ക് കാർഡ് കൈമാറി ആരോഗ്യ തിരിച്ചറിയൽ കാർഡുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ഇ-ഹെൽത്ത് സംവിധാനം നിലവിൽ വന്നതോടെ കാർഡ് ഉപയോഗിച്ച് രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഓൺലൈനായി സൂക്ഷിക്കുകയും കാർഡിലെ ബാർകോഡ് സ്‌കാൻ ചെയ്യുമ്പോൾ ഡോക്ടർക്ക് എളുപ്പത്തിൽ ഈ വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ ചികിത്സ കൂടുതൽ ഫലപ്രഥമാവുകയും ചെയ്യും. രോഗികളുടെ അസുഖത്തിന്റെ വിവരങ്ങൾ, മരുന്നിന്റെ വിവരങ്ങൾ, മറ്റ് പരിശോധനാഫലങ്ങൾ എന്നിവ ഓൺലൈനായി സൂക്ഷിക്കും. ഇ-ഹെൽത്ത് നടപ്പിലാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കാൻ കഴിയും. രോഗിയുടെ ഏറ്റവും അടുത്തുള്ള ഇ-ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രിയിൽ പോയാൽ മെഡിക്കൽ കോളേജ് ആശുപത്രികൾ മുതൽ കേരളത്തിലെ മറ്റ് എല്ലാ ആശുപത്രികളിലേക്കുമുള്ള ഡോക്ടർമാരുടെ അപ്പോയിമെന്റും ലഭ്യമാകും. സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ഇ-ഹെൽത്ത് സംവിധാനം ഗുണം ചെയ്യും.
രോഗികളുടെ മുൻകാല രോഗവിവരങ്ങൾ, കുടുംബത്തിലെ പാരമ്പര്യ അസുഖ വിവരങ്ങൾ, താമസ സ്ഥലത്തെ കുടിവെള്ള വിവരങ്ങൾ, മാലിന്യങ്ങളുടെ വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നതിലൂടെ പൊതു ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ ഇ-ഹെൽത്ത് സംവിധാനത്തിന് കഴിയും. ആധാർ അടിസ്ഥാനമാക്കിയാണ് യു.എച്ച്.ഐ.ഡി കാർഡ് നൽകുന്നത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലേഖാ രാജിവൻ, പാത്തുമ്മ ടീച്ചർ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.വി ജോർജ്, ഷിബു ജോർജ്, ലൈല സജി, ടിജി ജോൺസൻ, അശോകൻ കൊയിലേരി, സ്മിത, വി.യു ജോയ്, മെഡിക്കൽ ഓഫീസർ ഡോ. അജയ് ജേക്കബ്, എച്ച്.എം.സി അംഗം ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.