
വൈദ്യുതി ഉപഭോക്തൃ സംഗമം ശ്രദ്ധേയമായി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ വയനാട് ജില്ലയിലെ വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം ഏറെ ശ്രദ്ധേയമായി. വൈദ്യുതി കണക്ഷനായുള്ള അപേക്ഷ നൽകുന്നത് മുതലുള്ള എല്ലാ നിയമ വശങ്ങളും വിശദീകരിച്ചതോടൊപ്പം ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടിയും നൽകി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ഉപഭോക്തൃ ശാക്തീകരണ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്. കെ.എസ്.ഇ.ആർ.സി അംഗം അഡ്വ. എ.ജെ വിൽസൺ സംഗമം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. നഗര ഗ്രാമ പ്രദേശങ്ങളിലായി ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾ ഉൾപ്പെടെ ഒരു കോടിയിലധികം ഉപഭോക്താക്കളാണ് കെ.എസ്.ഇ.ബി.ക്കുള്ളത്. ഉപഭോക്താക്കളുടെ പരാതിയിൽ നിയമ-സാങ്കേതിക തടസങ്ങളുന്നയിക്കുന്നതിന് പകരം മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ആർ.സി അംഗം അഡ്വ. എ.ജെ വിൽസൺ പറഞ്ഞു. ഇന്ത്യയിൽ വൈദ്യുതി മേഖല പ്രതിസന്ധിയിലാണ്. ഇറക്കുമതി കൽക്കരി ഉപയോഗിക്കേണ്ടി വരുന്നത് ഉത്പാദന ചെലവ് ഗണ്യമായി വർദ്ധിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനംമൂലം 43 ശതമാനം മഴ ഈ വർഷം കുറവാണ്. ഇതും കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഉപഭോക്താക്കളുടെമേൽ അമിത ഭാരം അടിച്ചേൽപ്പിക്കാതെയുള്ള നടപടികളാണ് കമ്മീഷൻ സ്വീകരിച്ചുവരുന്നത്. ഉപഭോക്താക്കൾക്കുണ്ടാകുന്ന പ്രയാസങ്ങൾ സംബന്ധിച്ച പരാതികൾ ആദ്യ ഘട്ടത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നൽകണം. പരിഹാരമായില്ലെങ്കിൽ മേലുദ്യോഗസ്ഥർക്കും കൺസ്യൂമർ ഗ്രീവൻസ് റീഡ്രസൽ ഫോറം (സി.ജി.ആർ.എഫ്), വൈദ്യുതി വകുപ്പ് ഓംബുഡ്സ്മാൻ എന്നിവർക്ക് നൽകാം. കേരളത്തിൽ കൊട്ടാരക്കര, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് സി.ജി.ആർ.എഫ്. കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സി.ജി.ആർ.എഫ്-ൽ പരാതി ലഭിച്ചാൽ രണ്ട് മാസത്തിനകം തീർപ്പ് കൽപ്പിക്കണം. ഇതിൽ ആക്ഷേപമുണ്ടെങ്കിൽ പതിനഞ്ച് ദിവസത്തിനകം പുന:പരിശോധന ഹരജി നൽകാവുന്നതാണ്. ഇതിൽ ഒരു മാസത്തിനകം തീരുമാനമെടുക്കും. ഓംബുഡ്സ്മാന് ലഭിക്കുന്ന പരാതികളിൽ മൂന്ന് മാസത്തിനകവും തീർപ്പ് കൽപ്പിക്കും.

സുരക്ഷാ മുൻകരുതൽ നിർബന്ധം
വൈദ്യുതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നവരും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ഇന്ത്യയിൽ ഒരു ദിവസം 19 പേർ വൈദ്യുതി അപകടം മൂലം മരിക്കുന്നുണ്ട്. കേരളത്തിൽ മൂന്ന് ദിവസത്തിൽ ഒരാൾ വീതവും മരണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
പരാതികൾക്ക് പരിഹാരം
വർഷങ്ങളായി പടിഞ്ഞാറത്തറയിലെ മൗണ്ടയിൻ ഷാഡൊ റിസോർട്ടിൽ വൈദ്യുതി ലഭിക്കാത്തത് സംബന്ധിച്ച പരാതിയിൽ അടിയന്തരമായി പരിഹാരം കാണാൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. വനം വകുപ്പാണ് വൈദ്യുതി നൽകുന്നതിന് തടസം നിൽക്കുന്നത്. ഇത് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു. ടാറിംഗ് പൂർത്തിയാകുന്നതുവരെ റോഡുകളിലെ വൈദ്യുതി കാലുകൾ റോഡ് സൈഡിലേക്ക് മാറ്റാതിരിക്കുകയും ടാറിംഗ് പൂർത്തിയായ ശേഷം വീണ്ടും പൊളിച്ച് വൈദ്യുതി കാലുകൾ മാറ്റുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വോൾട്ടേജ് കുറവ്, ഹൈ വോൾട്ടേജ്, ഇടക്കിടെയുള്ള വൈദ്യുതി തടസം, ഓൺഗ്രിഡ് സംവിധാനത്തിൽ സോളാർ സ്ഥാപിച്ചവർക്ക് ബിൽ കുറയുന്നില്ല, ത്രീഫേസ് കണക്ഷൻ നൽകുന്നതിലെ കാലതാമസം തുടങ്ങിയ പരാതികളിൽ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകി. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ജില്ലയുടെ പൊതുവായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്നും കമ്മീഷൻ അംഗം പറഞ്ഞു. കാട്ടിക്കുളം ഭാഗത്ത് ഇടക്കിടെ വൈദ്യുതി മുടങ്ങുന്നതിന് ശാശ്വത പരിഹാരം എന്ന നിലയിൽ കവേർഡ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. രണ്ട് മാസത്തിലൊരിക്കൽ റീഡിംഗ് എടുക്കുന്നതുകൊണ്ട് കൂടുതൽ തുക വൈദ്യുതി ചാർജ്ജായി നൽകേണ്ടി വരുമെന്ന കൂടുതൽ ഉപഭോക്താക്കൾ ഉന്നയിച്ച സംശയം അടിസ്ഥാന രഹിതമാണെന്ന് അധികൃതർ മറുപടി നൽകി.
കെ.എസ്.ഇ.ആർ.സി സെക്രട്ടറി സി.ആർ സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. കംപ്ലയിൻസ് എക്സാമിനർ ടി.ആർ ഭൂവനേന്ദ്ര പ്രസാദ് അധ്യക്ഷനായി. കൺസ്യൂമർ അഡ്വക്കസി ബി. ശ്രീകുമാർ, സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ എ.സി.കെ. നായർ തുടങ്ങിയവർ ക്ലാസ്സെടുത്തു. പി.ആർ.കൺസൾട്ടന്റ് ടി.എ. ഷൈൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, കെ.എസ്.ഇ.ബി. ജീവനക്കാർ, വൈദ്യുതി ഉപഭോക്താക്കൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ.ബി പ്രശാന്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് പി. അബ്രഹാം എന്നിവർ മറുപടി നൽകി.