April 2, 2025

ബത്തേരി – താളൂർ റോഡിന്റെ ശോചനീയാവസ്ഥ; ജനകീയ സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ

ബത്തേരി: കഴിഞ്ഞ രണ്ട് വർഷമായി തീർത്തും ദുരിതയാത്ര അനുഭവിക്കുന്ന ബത്തേരി – താളൂർ റോഡിന്റെ ശോചനീയാവസ്ഥക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമരസമിതി നാളെ (ആഗസ്റ്റ് 1) മുതൽ കോളിയാടിയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ട് വർഷം മുൻപ് ടാറിംഗിനായി പൊളിച്ചിട്ട ഈ റോഡിലൂടെ മഴക്കാലത്ത് വെള്ളക്കെട്ടും ചെളിയും വേനൽക്കാലത്ത് പൊടിയും കൊണ്ട് ജനങ്ങൾ സഹികെട്ട് യാത്ര ചെയ്യേണ്ട ഗതികേടിലാണെന്നും റോഡിൽ നിറയെ ഗർത്തങ്ങളും കുഴികളും കൽക്കൂമ്പാരങ്ങളും നീർച്ചാലുകളുമാണെന്നും ജനകീയ സമരസമിതി.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന ഈ റോഡ് ബീനാച്ചി പനമരം റോഡ് നിർമ്മാണത്തിലെ അനാസ്ഥയെ കടത്തിവെട്ടുന്ന അവസ്ഥയാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോ ജനപ്രതിനിധികളോ ഈ വിഷയത്തിൽ വേണ്ടത്ര ഇടപെടലുകൾ നടത്തിയിട്ടില്ല. ഈ റോഡ് നിർമ്മാണത്തിൽ നിന്നും കിഫ്ബിയെ ഒഴിവാക്കി പകരം പൊതുമരാമത്ത് വകുപ്പിനെ ഇതിന്റെ ചുമതല ഏൽപ്പിച്ചുകൊണ്ട് അടിയന്തിരമായി ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് സമരസമിതി ആവശ്യപ്പെട്ടു.

വാർത്താ സമ്മേളനത്തിൽ കൺവീനർ മനാഫ് കോളിയാടി, ചെയർമാൻ ഷിൽജു പോൾ, ട്രഷറർ എൽദോ മുള്ളൻ പൊട്ടയ്ക്കൽ, പി ഐ സാജൻ ,എം എൻ ഫൗസി, ബാപ്പുട്ടി ഇല്യാസ്, ശശിധരൻ താളൂർ, ബൈജു കോളിയാടി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *