
ജില്ലാ പഞ്ചായത്ത് യോഗത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി എൽഡിഎഫ്;

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും നടപ്പിലാക്കിയ ശുചിമുറി നിർമ്മാണത്തിൽ നടന്ന അഴിമതി വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ ഭരണ സമിതി യോഗത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഭരണ സമിതി യോഗത്തിൽ പദ്ധതിയിൽ നടന്ന അഴിമതിയെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ വിശദീകരിച്ചു.
തുടർന്ന് സംസാരിച്ച എൽ ഡി എഫ് അംഗങ്ങളെല്ലാം അഴിമതി ആവർത്തിച്ച് വിശദീകരിച്ചു. ചർച്ചക്ക് മറുപടി പറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും അഴിമതിക്ക് നേതൃത്വം നൽകിയ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനെയും ന്യായീകരിക്കുകയാണ് ചെയ്തതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. അഞ്ചു കാര്യങ്ങളാണ് ഇന്നത്തെ ഭരണസമിതി യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടത്. ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് നടത്തിയ നിർമ്മാണ പ്രവർത്തനം പൊളിച്ചു നീക്കുക. നിർവഹണ ഏജൻസിക്ക് നൽകിയ മുഴുവൻ തുകയും തിരിച്ചുപിടിക്കുക. അഴിമതിക്ക് നേതൃത്വം നൽകിയ ഡിഡി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പേരിൽ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുക. അഴിമതിയിൽ നേരിട്ട് പങ്കാളിത്തമുള്ള ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്റെ പേരിൽ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെടുക. ഈ അഴിമതിയിൽ പങ്കാളിത്തമുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക. ഈ അഞ്ചു കാര്യങ്ങളോടും യോജിപ്പില്ല എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ആവശ്യങ്ങൾ വോട്ടിനിടണമെന്ന് എൽ.ഡി.എഫ്അംഗങ്ങൾ ആവശ്യപ്പെട്ടു അനുകൂലിച്ചും എതിർത്തും എട്ട് അംഗങ്ങൾ വീതം വോട്ട് ചെയ്തു. ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കാസ്റ്റിംഗ് വോട്ടോടെ എൽ.ഡി.എഫ് ആവശ്യങ്ങൾ പരാജയപ്പെടുത്തി. തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി

തുടർന്ന് എൽ ഡി എഫ് അംഗങ്ങൾ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി. സുരേഷ് താളൂർ ഉത്ഘാടനം ചെയ്തു. ജുനൈദ് കൈപ്പാണി ,വൈസ് പ്രസിഡൻ്റ് എസ് .ബിന്ദു, എൻ സി പ്രസാദ് എന്നിവർ സംസാരിച്ചു .ബിന്ദു പ്രകാശ് ,എ എൻ സുശീല ,കെ വിജയൻ ,സിന്ധു ശ്രീധരൻ എന്നിവർ നേതൃത്വം നൽകി