April 4, 2025

രാജേന്ദ്രന്റെ മൃതദേഹവുമായി നാളെ കെപിസിസി സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച്

 

 

കൽപ്പറ്റ: പുൽപ്പള്ളി കേളക്കവല ചെമ്പകമൂലയിൽ വിഷം അകത്തുചെന്നു മരിച്ച കർഷകൻ രാജേന്ദ്രൻ നായരുടെ മൃതദേഹവുമായി കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാമിന്റെ വീട്ടിലേക്ക് നാളെ ബഹുജന മാർച്ച്. കേളക്കവല, ചെമ്പകമൂല നിവാസികളാണ് മാർച്ച് പ്രഖ്യാപിച്ചത്. മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകിട്ടുന്ന മൃതദേഹം പുൽപ്പള്ളിയിൽ എത്തിക്കുന്ന മുറയ്ക്കായിരിക്കും മാർച്ചെന്ന് ചെമ്പകമൂലക്കാർ പറഞ്ഞു. മാർച്ചിന് സിപിഐ(എംഎൽ)റെഡ് സ്റ്റാർ പിന്തുണ നൽകുമെന്ന് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അറിയിച്ചു.
രാജേന്ദ്രന്റെ മരണത്തിനു മുഖ്യ ഉത്തരവാദി പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. ഏബ്രഹാമാണെന്നു പ്രകാശ് പറഞ്ഞു. വായ്പാ വിതരണത്തിൽ ബാങ്ക് മുൻ ഭരണസമിതി നടത്തിയ ക്രമക്കേട് രാജേന്ദ്രൻ നായരെ കടക്കെണിയിലാക്കി. 70 സെന്റ് ഭൂമി പണയപ്പെടുത്തി രാജേന്ദ്രൻ നായർ 2017ൽ ബാങ്കിൽനിന്നു 73,000 രൂപ വായ്പയെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേരിൽ മുതലും പലിശയും അടക്കം 40 ലക്ഷത്തോളം രൂപ കുടിശികയുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഭൂമിയുടെ പ്രമാണം ദുരുപയോഗം ചെയ്ത് രാജേന്ദ്രൻ നായരുടെ പേരിൽ വൻ തുക വായ്പ അനുവദിച്ചതായി രേഖയുണ്ടാക്കുകയും മറ്റാരൊക്കെയോ പണം കൈക്കലാക്കുകയുമായിരുന്നു. ഇതിന്റെ ഉത്തരവാദിത്തിൽനിന്നു ബാങ്ക് മുൻ ഭരണസമിതിക്ക് ഒഴിയാനാകില്ല. പുൽപ്പള്ളി മേഖലയിൽ രാജേന്ദ്രൻ നായരെ പോലെ അനേകം ആളുകൾ വായ്പ തട്ടിപ്പിനു ഇരകളായിട്ടുണ്ടെന്നും പ്രകാശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *