April 2, 2025

വിദ്യാർഥികളുടെ കായിക ക്ഷമത പരിശോധിക്കാൻ ഫിറ്റ്നസ് ബസ് വരുന്നു

സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്റ് ആന്റി ഡ്രഗ് അവയർനെസ് ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നതിനുവേണ്ടി പര്യടനം നടത്തുന്ന ഫിറ്റ്നസ് ബസിന്റെ വയനാട് ജില്ലയിലെ പര്യടനം നാളെ (02-03-2023) ആരംഭിക്കും. പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ 299 കുട്ടികളുടെ കായിക ക്ഷമത പരിശോധിച്ചുകൊണ്ടാണ് ബസിന്റെ ജില്ലയിലെ പര്യടനം ആരംഭിക്കുക. മാർച്ച് മൂന്ന്, നാല് തിയതികളിൽ നൂൽപ്പുഴ രാജീവ് ഗാന്ധി മെമ്മോറിയൽ ആശ്രമം സ്‌കൂളിൽ 329 വിദ്യാർഥികളുടെ കായിക ക്ഷമതാ പരിശോധന പൂർത്തിയാക്കും. അഞ്ച്, ആറ് തിയതികളിൽ കൽപ്പറ്റ് കണിയാംപറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലാണ് പരിശോധ. ഇവിടെ 310 വിദ്യാർഥികളുടെ കായിക ക്ഷമത പരിശോധിക്കാനാണു ലക്ഷ്യമിടുന്നത്. ഏഴ്, എട്ട് തിയതികളിൽ മാനന്തവാടി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 441 കുട്ടികളുടെ കായിക ക്ഷമത പരിശോധിക്കും. പര്യടനത്തിന്റെ അവസാന ദിവസമായ മാർച്ച് ഒൻപതിന് തിരുനെല്ലി ആശ്രാമം മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 288 കുട്ടികളുടെ പരിശോധന നടത്തും.

ആറു മുതൽ 12വരെയുള്ള ക്ലാസുകളിൽ നിന്നായി 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിൻ ബോൾ ത്രോ, പുഷ് അപ്‌സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആൻഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകൾ തുടങ്ങിയ പരിശോധനകളാണ് നടത്തുക. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ ഏറ്റവും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും പരിശോധനകളിലൂടെ സാധിക്കും. ഒപ്പം ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിൽ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും സാധിക്കും. പരിശോധനയിലൂടെ ഫിറ്റ്നസ് ലെവൽ തിരിച്ചറിയാനും അതുവഴി കായിക മികവുള്ള കുട്ടികളെ കണ്ടെത്താനും ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കാവശ്യമായ പരിശീലന പ്രോട്ടോക്കോൾ രൂപകൽപന ചെയ്യാനും സാധിക്കും. വിശദ വിവരങ്ങൾക്ക്- 9605895126, 9946651156

Leave a Reply

Your email address will not be published. Required fields are marked *