April 3, 2025

സിവിൽ സ്റ്റേഷനിൽ ഹരിതരശ്മി ആഴ്ച്ച ചന്ത നടത്തി

ഹരിതരശ്മി പദ്ധതിയിൽ ഉൽപാദിപ്പിച്ച പച്ചക്കറികൾ ഉൾപ്പെടുത്തിയുള്ള ആഴ്ച ചന്ത കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്നു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ഇ.ആർ. സന്തോഷ് കുമാർ ചന്ത ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഹരിതരശ്മി സംഘങ്ങളിൽ നിന്നുള്ള പച്ചക്കറികൾ ഉൾപ്പെടുത്തി നടത്തിയ ചന്തയിലേക്ക് ഉൽപന്നങ്ങൾ തേടി ആവശ്യക്കാർ ഏറെയെത്തി. ക്യാബേജ്, കോളിഫ്‌ളവർ, ചൈനീസ് ക്യാബേജ്, പച്ചമുളക്, വഴുതന, പയർ തക്കാളി, ടെർണിപ്പ്, വാഴക്കുല തുടങ്ങിയ ഇനങ്ങളാണ് കർഷകർ വിൽപനക്കെത്തിച്ചത്.

പട്ടിക വർഗ ജനവിഭാഗങ്ങളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും അതുവഴി അവരുടെ ജീവിത നിലവാരത്തിലും വരുമാനത്തിലും പുരോഗതി ഉറപ്പു വരുത്താനും പട്ടികവർഗ വികസന വകുപ്പ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതരശ്മി. ജില്ലയിൽ 130 സംഘങ്ങളിലായി 3000 കർഷകരാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ വിൽക്കുന്നതിനാൽ കർഷകർക്ക് മികച്ച വില ഉറപ്പാക്കാനും സാധിക്കുന്നുണ്ട്.
സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജംഷീർ ചെമ്പൻതോടിക, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *