April 3, 2025

പാടങ്ങളിൽ കാർബൺ സമ്പുഷ്ഠമാക്കുന്ന പദ്ധതികൾക്ക് തുടക്കമായി

മീനങ്ങാടി : കൊയ്തൊഴിഞ്ഞ പാടങ്ങളിൽ പയറും ചോളവും കൃഷിയിറക്കി മണ്ണിനെ പോഷക സമൃദ്ധവും കാർബൺ സമ്പുഷ്ഠവുമാക്കി നിലനിർത്തുന്നതിനുള്ള പദ്ധതികൾക്ക് മീനങ്ങാടിയിൽ തുടക്കമായി. ആഗോളതാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനോടൊപ്പം കാർബൺ തുലിത കൃഷിരീതികൾക്കും പ്രാധാന്യമേറുകയാണ്. നഞ്ചകൃഷിക്ക് ശേഷം ഇരുപ്പൂ കൃഷിയിറക്കാൻ കഴിയാതെ തരിശ്ശുകിടക്കുന്ന 176 ഹെക്ടർ പാടങ്ങളിലാണ് പയർ,ചോള കൃഷിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. 3.5 ടൺ വിത്തുകളാണ് ഇതിനായി കർഷകർക്ക് ലഭ്യമാക്കിയിരിക്കുന്നത്. വരുമാനത്തോടൊപ്പം നഞ്ചകൃഷിക്കായി നിലമൊരുക്കുമ്പോൾ മണ്ണിന്റെ ഫലപുഷ്ഠി വർദ്ധിപ്പിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. അന്തരീക്ഷത്തിലെ നൈട്രജൻ മൂലകങ്ങളെ മണ്ണിലേക്കെത്തിക്കുന്നതിനും പാടം തരിശ്ശ് കിടക്കുമ്പോൾ വെയിലേറ്റ് ജലാംശവും ജൈവീക കാർബണും മറ്റ് മൂലകങ്ങലും നഷ്ടമാകുന്നത് തടയാൻ ഇതിലൂടെ കഴിയും. ഒലിവയൽ മാട്യമ്പം നെല്ലുൽപാദക പാടശേഖരത്ത് പയർ വിതച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.പി. നുസ്റത്ത്, ബേബി വർഗ്ഗീസ്, ഉഷരാജേന്ദ്രൻ, പി.വാസുദേവൻ ജ്യോതി സി ജോർജ്ജ് എന്നിവർ മറ്റ് പാടശേഖരങ്ങളിലെ ഉദ്ഘാടനം നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *