
മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കു ക്രിസ്തുമസ് പുതുവത്സര കിറ്റുമായി പുൽപള്ളി മൃഗാശുപത്രി

പുൽപള്ളി: കാർഷിക മൃഗസംരക്ഷണ മേഖലയിൽ വ്യത്യസ്തമായ വഴികൾ കണ്ടെത്തുകയും മലയാളിയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്യുന്ന കർഷകരെ തേടി പുൽപള്ളി മൃഗാശുപത്രി ജീവനക്കാർ പുതുവത്സര കിറ്റുമായി വീടുകളിൽ എത്തുന്നു. മൃഗസംരക്ഷണ ക്ഷീര മേഖലയിലെ വിശുദ്ധരായ പോരാളികൾ എന്ന വിശേഷണത്തോടും ആശംസയോടുംകൂടിയാണ് പുൽപള്ളിയിലെ 250 കർഷകരുടെ ഭവനങ്ങളിൽ ക്രിസ്തുമസ് പുതുവത്സരക്കാലത്ത് പുൽപള്ളി മൃഗാശുപത്രി മുഖേന കിറ്റ് എത്തിക്കുന്നത്. പുൽപള്ളി വെറ്ററിനറി ഹോസ്പിറ്റലിന്റെ പേര് ആലേഖനം ചെയ്ത തുണി സഞ്ചിയിൽ കറവ പശുക്കൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കുമുള്ള 1000രൂപയോളം വിലമതിക്കുന്ന കാൽസ്യം ടോണിക്കുകൾ, ധാതുലവണ മിശ്രിതങ്ങൾ, വിരമരുന്നുകൾ, കൗ സോപ്പ്, മുറിവിന് ഉപയോഗിക്കുന്ന സ്പ്രേ എന്നിവയ്ക്ക് പുറമേ ഒരു ന്യൂ ഇയർ കേക്കും ആശംസ കാർഡും സമ്മാനമായിട്ടുണ്ടാവും. രോഗം കൊണ്ടും കാലിത്തീറ്റയുടെ വിലവർധനവ് മൂലവും പ്രതിസന്ധിയിലായ കർഷകർക്ക് പ്രതീക്ഷ നൽകുന്ന തുടർ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് കിറ്റ് വിതരണം നടത്തുന്നതെന്ന് പുൽപള്ളി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്. പ്രേമൻ പറഞ്ഞു. പുൽപള്ളി വെറ്ററിനറി ഹോസ്പിറ്റലിനു പുറമേ ആടിക്കൊല്ലി, നെയ്ക്കുപ്പ, കാപ്പിസെറ്റ്, കാപ്പികുന്ന്, കല്ലുവയൽ എന്നീ അനുബന്ധ വെറ്ററിനറി സബ് സെന്ററുകളുടെ സഹകരണത്തോടു കൂടി രണ്ടു ദിവസത്തിനുള്ളിൽ കിറ്റ് വിതരണം പൂർത്തിയാവും. പുതുവത്സര കിറ്റുകളുടെ വിതരണോദ്ഘാടനം വയനാട്ടിലെ മികച്ച ക്ഷീരകർഷകനായി തിരഞ്ഞെടുക്കപ്പെട്ട, 15 വർഷത്തിലേറെയായി കുടുംബസമേതം 35 ഓളം പശുക്കളെ സംരക്ഷിക്കുന്ന പുൽപ്പള്ളി ആനപ്പാറ ബിനോയി തേക്കാനത്തിന്റെ വീട്ടിൽ നടന്നു. പ്രവർത്തനങ്ങൾക്ക് മൊബൈൽ വെറ്ററിനറി സർജൻ ഡോ. സാഹിദ. ബി, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ എ.കെ. രമേശൻ,റോഷ്ന സി.ഡി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ സുനിത പി.കെ, ബിനോയി ജോസഫ്, ബിന്ദു എം.ആർ, രതീഷ് പി.കെ. ജീവനക്കാരായ ബാബു പി.ഇ, ബേബി. ഒ.എ, വി.എം. ജോസഫ്, സന്തോഷ് കുമാർ പി.ആർ , ജയാ സുരേഷ്, സിജി സാബു, മാത്യു പി.ജെ, മനോജ് കുമാർ. ടി.എസ് തുടങ്ങിയവർ നേതൃത്വം നൽകി