
ആസ്പിരേഷന്‍ വയനാട് വിന്‍സ് പദ്ധതി തുടങ്ങി

ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ വിദ്യാഭ്യാസ സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിന്‍സ് (വയനാട് ഇനീഷ്യേറ്റീവ് ഓണ്‍ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വ്വെ) പദ്ധതി ജില്ലയില്‍ തുടങ്ങി. തരിയോട് എസ്.എ.എല്‍.പി സ്‌കൂളിലാണ് ആദ്യഘട്ടം തുടങ്ങിയത്. സംസ്ഥാനത്തെ ആദ്യ ബാഗ് രഹിത വിദ്യാലയമെന്ന ഖ്യാതി നേടിയ എസ്.എ.എല്‍.പി വിദ്യാലയമാണ് വിന്‍സ് പദ്ധതിക്കായും തെരഞ്ഞെടുത്തത്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വ്വേയിലൂടെ ജില്ലയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാലയങ്ങളെ കണ്ടെത്തി വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ലക്ഷ്യം.
എസ്.എസ്.കെ, ഡയറ്റ്, ആസ്പിരേഷന്‍ ഡിസ്ട്രിക് തുടങ്ങിയവയാണ് വിന്‍സിന് നേതൃത്വം നല്‍കുന്നത്. കുട്ടികളിലെ പഠന വിമുഖത, കൊഴിഞ്ഞുപോക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ വിദ്യാലയങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ മാതൃകകള്‍ സൃഷ്ടിക്കണം. ഈ മാതൃകകള്‍ മറ്റ് വിദ്യാലയങ്ങളിലേക്കും വിന്‍സ് പദ്ധതിയിലൂടെ വ്യാപിപ്പിക്കും. ഡിസംബര്‍ 1 മുതല്‍ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും പദ്ധതി നടപ്പിലാക്കും. അധ്യയന വര്‍ഷം അവസാനപാദത്തില്‍ സ്‌കൂള്‍തല പദ്ധതി വിലയിരുത്തും.
ചടങ്ങില്‍ തരിയോട് എസ്.എ.എല്‍.പി സ്‌കൂള്‍ രക്ഷിതാക്കള്‍ക്കായി ഒരുക്കിയ ഓപ്പണ്‍ വായനശാല ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് ഉദഘാടനം ചെയ്തു. പഠന വീടിന്റെ സാരഥികളായ കുട്ടി ടീച്ചര്‍മാരായ പി.സി സുമിത, ബി.എസ് ചിന്നു എന്നിവരെ മൊമോന്റോ നല്‍കി ആദരിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപെട്ട് അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ടി.കെ അബ്ബാസ് അലി, എസ്.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ എ.കെ അനില്‍ കുമാര്‍, കാലിക്കറ്റ് സര്‍വകലാശാല മനശാസ്ത്ര വിഭാഗം പ്രൊഫസര്‍ ഡോ. ബേബി ശാരി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശിപ്രഭ, സമഗ്ര ശിക്ഷാ അഭിയാന്‍ ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സി. ഷിബു, വിദ്യാ കിരണം പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സോഷ്യല്‍ സയന്റിസ്റ്റ് ബിനീഷ്, ഹെഡ്മിസ്ട്രിസ് നിഷ ദേവസ്യ, പി.ടി.എ പ്രസിഡന്റ് പി. ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.