ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ദൂരപരിധി ഭരണഘടനാ വിരുദ്ധം: ആദിവാസി ഗോത്രമഹാസഭ
സംരക്ഷിത വനങ്ങള്‍ക്കു ചുറ്റും കുറഞ്ഞത് ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ബഫര്‍സോണ്‍ മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നു ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍, സംസ്ഥാന സമിതിയംഗം രമേശന്‍ കൊയാലിപ്പുര, ഇരുളം ഭൂസമര സമിതി ചെയര്‍മാന്‍ ബി.വി.ബോളന്‍, കണ്‍വീനര്‍ എ.ചന്തുണ്ണി, ബാബു എല്ലക്കൊല്ലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വനാവകാശ നിയമം ദുര്‍ബലപ്പെടുത്തിയതിനും പരിസ്ഥിതി കരുതല്‍ മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനും എതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി ഓഗസ്റ്റ് ഒമ്പത്, 10 തീയതികളില്‍ സുല്‍ത്താന്‍ബത്തേരിയില്‍ ശില്‍പശാല സംഘടിപ്പിക്കും. മരിയനാട് എസ്‌റ്റേറ്റില്‍ മെയ് 31നു ആരംഭിച്ച ഭൂസമരം ശക്തിപ്പെടുത്തുമെന്നും ഗോത്രമഹാസഭ, ഇരുളം ഭൂസമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
പരിസ്ഥിതി കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് 1996ലെ പെസ നിയമം, 2006ലെ വനാവകാശ നിയമം, ഭരണഘടനയിലെ അഞ്ച്, ആറ് പട്ടികകള്‍ എന്നിവ ആദിവാസികള്‍ക്കു ഉറപ്പുനല്‍കുന്ന അവകാശങ്ങളെ ഹനിക്കുന്നതാണ്. കരുതല്‍ മേഖല കരടുവിജ്ഞാപനം നടത്തിയപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും വിധി പുറപ്പെടുവിച്ചപ്പോള്‍ സൂപ്രീം കോടതിയും ഇക്കാര്യങ്ങള്‍ കണക്കിലെടുത്തില്ല. 1980ലെ കണ്‍സര്‍വേഷന്‍ നിയമവും വന്യജീവി സംരക്ഷണ നിയമവും മാത്രമാണ് പരിഗണിച്ചത്. സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ജീവിക്കുന്നവരില്‍ കൂടുതലും ആദിവാസികളാണ്. സുപ്രീം കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ച കേസില്‍ വനാവകാശ നിയമത്തിന്റെ നോഡല്‍ ഏജന്‍സിയായ പട്ടികവര്‍ഗ മന്ത്രാലയവും ഗ്രാമസഭാനിയമവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ മന്ത്രാലയവും കക്ഷികളല്ല. വന സംരക്ഷണ നിയമം മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം മാത്രമാണ് കോടതിയിലെത്തുന്നത്. ഭരണഘടനാവിരുദ്ധമായ വിധി തിരുത്തപ്പെടേണ്ടതാണ്.
വനം വനേതര ആവശ്യങ്ങള്‍ക്കു വിനിയോഗിക്കാനും ഖനനത്തിനും കോര്‍പറേറ്റുകള്‍ക്കു അനുമതി നല്‍കുന്നതു സുഗമമാക്കുന്നതിനാണ് വന സംരക്ഷണ, വനാവകാശ നിയമങ്ങളുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. ഗ്രാമസഭാ തീരുമാനമില്ലാതെ വനഭൂമി വനേതര ആവശ്യങ്ങള്‍ക്കു ലഭ്യമാക്കാവുന്ന വിധത്തിലാണ് ഭേദഗതി. പണം നല്‍കുന്ന കോര്‍പറേറ്റുകള്‍ക്കുവേണ്ടി വനം നശിപ്പിക്കാമെന്ന ഉന്നതാധികാര സമിതിയുടെയും സുപ്രീം കോടതിയുടെയും തീരുമാനം പുന:പരിശോധിക്കേണ്ടതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
Average Rating