April 2, 2025

രാഹുല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെ സ്വാഗതം ചെയ്യണമായിരുന്നുവെന്ന് എല്‍.ഡി.എഫ്.

 

കല്‍പ്പറ്റ: ബഫര്‍സോണ്‍ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്യുകയാണ് രാഹുല്‍ഗാന്ധി എംപി ചെയ്യേണ്ടിയിരുന്നതെന്ന് എല്‍ഡിഎഫ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വയനാടന്‍ ജനതക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് കത്തയക്കാന്‍ എംപി തയ്യാറാവണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
ബഫര്‍സോണ്‍ പരിധി വനാതിര്‍ത്തിയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. ഒരു കിലോമീറ്ററര്‍ എന്ന സുപ്രീംകോടതി വിധി വന്ന ഉടന്‍ തന്നെ സര്‍ക്കാറിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും വനംമന്ത്രി എ.കെ ശശീന്ദ്രന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇക്കാര്യം വിശദീകരിച്ച് എംപേവേര്‍ഡ് കമ്മിറ്റിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വയനാട് എംപി പറയുകയാണ് സംസ്ഥാന സര്‍ക്കാര്‍ എംപവേര്‍ഡ് കമ്മിറ്റിയെ സമീപിക്കണമെന്ന്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരിക്കുന്നു. ഇതിനെയാണ് എല്‍ഡിഎഫ് വിമര്‍ശിച്ചത്. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുകയാണ് എംപി ചെയ്യേണ്ടിയിരുന്നത്. അല്ലാതെ പുതിയ നിര്‍ദേശമെന്ന നിലയില്‍ നടപ്പാക്കിക്കഴിഞ്ഞ തീരുമാനത്തിനായി കത്തയക്കുന്നത് സദുദ്ദേശപരമല്ല.
വനം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറാവുന്നില്ല?. എംപി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയാണ്. ഈ നിലക്ക് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലവുത്തി വയനാടിന് അനുകൂലമായ നിലപാട് സ്വീകരിപ്പിക്കണം. എന്നാല്‍ നിലവിലെ എംപിയുടെ നിലപാട് കണ്ടാല്‍ എല്ലാ പ്രശ്‌നവും പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ മാത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. എംപിക്കുവേണ്ടി പ്രസ്താവന തയ്യാറാക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *