April 2, 2025

ആദിവാസി ഭൂപ്രശ്‌നം: പരിഹാര നടപടികള്‍ വേഗത്തിലാക്കും: മന്ത്രി കെ.രാധാകൃഷ്ണന്‍

വയനാട് ജില്ലയിലെ ആദിവാസി ഭൂപ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനായി നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ അധിവസിക്കുന്ന ജില്ലയില്‍ ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ പുനരധിവാസം പ്രധാനപ്പെട്ടതാണ്. ഭൂമിയില്ലാത്ത എല്ലാവര്‍ക്കും ഭൂമിയും കിടപ്പാടവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഇതിനകം ഭൂമി പതിച്ചു കൊടുത്തവര്‍ക്കും ഭൂമിയില്‍ പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ട്. ഇതെല്ലാം പരാതികളാവുന്നു. ഇത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടാകാന്‍ പാടില്ല. അനാവശ്യമായ നിയമക്കുരുക്കുകള്‍ നിരവധി കുടുംബങ്ങളെയാണ് ബാധിക്കുന്നത്. ഭൂമിയില്ലാത്തതിനാല്‍ ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ ജീവിതത്തില്‍ നരകിക്കുന്നവരുണ്ട്. വനം വകുപ്പുമായി ബന്ധപ്പെട്ടിട്ടുള്ള ഭൂപ്രശ്‌നങ്ങളിലെല്ലാം വിട്ടുവീഴ്ചകള്‍ ഉണ്ടാകണമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഭവന പുനരുദ്ധാരണം, കോളനികളിലേക്കുള്ള റോഡ് നിര്‍മ്മാണം, വൈദ്യുതീകരണം, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ആദിവാസികളുടെ ആരോഗ്യ പരിരക്ഷ, വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള ബോധവത്കരണം, അരിവാള്‍ രോഗ വ്യാപനം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍, പോഷകാഹാരക്കുറവ് പരിഹരിക്കല്‍ തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധവേണം. ആദിവാസികള്‍ക്കിടയിലുള്ള ലഹരി ഉപഭോഗം നിയന്ത്രിക്കാന്‍ എക്‌സൈസ് വനം പോലീസ് സംയുക്തമായി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, ജില്ലാ കളക്ടര്‍ എ.ഗീത, സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.വാണിദാസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *