April 2, 2025

കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

 

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാന മന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. രാജ്യവ്യാപകമായി നടന്ന സംവാദത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന വയനാട് ജില്ലാതല പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ. ഗീത അധ്യക്ഷത വഹിച്ചു. ടി.സിദ്ദിഖ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 11-ാം ഗഡു വിതരണത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. പി.എം. കിസാന്‍ പദ്ധതിക്ക് കീഴില്‍ അര്‍ഹതയുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യമാണ് നല്‍കുന്നത്. 2,000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായി 6000 രൂപയാണ് വിതരണം ചെയ്യുന്നത്.
പിഎം-കിസാന്‍, പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, പോഷന്‍ അഭിയാന്‍, മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍, പ്രധാന്‍മന്ത്രി സ്വനിധി യോജന, വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, ഗരീബ് കല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത്, ജന്‍ ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റേഴ്സ്, മുദ്ര യോജന എന്നീ പദ്ധതികളെക്കുറിച്ച് വിവിധ വകുപ്പ് പ്രതിനിധികള്‍ ഗുണഭോക്താക്കള്‍ക്ക് വിശദീകരണം നല്‍കി.

ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ വകുപ്പു പ്രതിനിധികളും, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഇരുനൂറിലധികം ഗുണഭോക്താക്കളും പങ്കെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍ സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *